കൊച്ചി: കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരക്കാര്‍ക്കെതിരെ വീണ്ടും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി ആരോപിച്ചു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കീഴാറ്റൂരിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത നിര്‍മ്മിക്കുന്നത് ദേശീയപാതാ അതോറിറ്റിയാണ്. കേന്ദ്രസര്‍ക്കാരാണ് പാത നിര്‍മ്മിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ട് കുറഞ്ഞ അലൈന്‍മെന്റാണ് കീഴാറ്റൂരിലേതെന്നാണ് അവര്‍ പറയുന്നത്. അത് മാറ്റിപറയുകയാണെങ്കില്‍ നിലപാട്് അറിയിക്കാം. സമരക്കാരുമായി ചര്‍ച്ചയ്ക്കില്ല. ബദല്‍ നിര്‍ദ്ദേശം പറയേണ്ടത് സമരക്കാരാണ് അവര്‍ അത് പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ എല്‍.ഡി.എഫ് സര്‍ക്കാരും അംഗീകരിച്ചു. കീഴാറ്റൂരില്‍ സമരം ചെയ്യുന്നതിനോട് അഭിപ്രായ വ്യത്യാസമില്ല. സമരത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരിന് യാതൊരു ആകാംഷയുമില്ല. പ്രശ്‌നങ്ങളൊക്കെ അവിടെ ചിലര്‍ സൃഷ്ടിക്കുന്നതാണ്. സി.പി.എമ്മിന് മാത്രമായി ദേശീയ പാതയൊന്നും വേണ്ട. വയല്‍കിളി സമരത്തെ പിന്തുണച്ച് സുധീരന്‍ സമയം കളയരുത്. വി.എം സുധീരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരാണ് അവിടെ സമരം ചെയ്യാന്‍ എത്തിയിരിക്കുന്നത്. ഇപ്പോഴത് കോണ്‍ഗ്രസ് സമരമായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് സമരത്തിന് പിന്തുണയുമായി സുരേഷ് ഗോപി എംപി, പി.സി. ജോര്‍ജ് എംഎല്‍എ എന്നിവര്‍ എത്തിയിരുന്നു.