ആശംസയറിയിക്കാന്‍ ഫോണില്‍ വിളിച്ചു; തേടിയെത്തിയത് മരണവാര്‍ത്ത

തൃശൂര്‍ : മധുസൂദനന്റെ പിറന്നാളായിരുന്നു ഇന്നലെ. 3 വയസ്സിനു മൂത്ത സഹോദരന്‍ സോമശേഖരന്റെ പിറന്നാളും ഇന്നലെ തന്നെ. അനുജനെ ആശംസയറിയിക്കാന്‍ സോമശേഖരന്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. കുടുംബാംഗങ്ങള്‍ പലരും മാറിമാറി വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ആശംസകള്‍ എത്താത്ത ലോകത്തേക്കു മധുസൂദനനും ഭാര്യയും മകനും പോയിക്കഴിഞ്ഞിരുന്നുവെന്ന് അവര്‍ അറിഞ്ഞില്ല.

നവിമുംബൈയില്‍നിന്നു ഗോവയിലേക്കു വിനോദയാത്ര പോകുകയായിരുന്നു മധുസൂദനന്‍ നായരും കുടുംബവും അദ്ദേഹത്തിന്റെ സുഹൃത്ത് സാജനും കുടുംബവും. ഇവര്‍ സഞ്ചരിച്ച വാഹനം വറ്റിയ നദിയില്‍ വീണ് പിഞ്ചുകുഞ്ഞടക്കം 2 കുടുംബങ്ങളിലെയും 5 പേര്‍ മരിച്ചു. 8 പേര്‍ക്കു പരുക്കേറ്റു. നവിമുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന തൃശൂര്‍ പുല്ലഴി കാരേക്കാട്ട് മധുസൂദനന്‍ നായര്‍ (54), ഭാര്യ ഉഷ (ഉമ- 44), മകന്‍ ആദിത്യ നായര്‍ (21), കുടുംബസുഹൃത്ത് എറണാകുളം സ്വദേശി സാജന്‍ നായര്‍ (35), മകന്‍ ആരവ് നായര്‍ (3) എന്നിവരാണു മരിച്ചത്. മധുസൂദനന്റെ മകള്‍ അര്‍ച്ചന (15) ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

മധുസൂദനന്‍ നായരുടെ കുടുംബവീട് പുല്ലഴിയിലെ വടക്കുമുറിയിലാണ്. സഹോദരി സരസ്വതിയാണ് ഇവിടെ താമസം. അപകടത്തിനു തലേന്നു മധുസൂദനനും കുടുംബവും സരസ്വതിയെയും മറ്റു ബന്ധുക്കളെയും ഫോണില്‍ വിളിച്ചു. ഇതിനു മുന്നോടിയായി എല്ലാവരുമൊന്നിച്ചു ഗോവയിലേക്കു ദീപാവലി നാളില്‍ വിനോദയാത്ര പോവുകയാണെന്നും അറിയിച്ചു. മധുസൂദനന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതു തല്‍സമയം വിഡിയോ കോളിലൂടെ ബന്ധുക്കളെ കാണിക്കുകയും ചെയ്തു.

തങ്ങളടക്കം 13 പേരാണ് യാത്രയിലുള്ളതെന്നു ബന്ധുക്കളോട് പറഞ്ഞിരുന്നു. തന്റെ പിറന്നാളും അനുജന്റെ പിറന്നാളും ഒരേ ദിവസമായതിനാല്‍ എല്ലാവര്‍ഷവും സോമശേഖരന്‍ മധുസൂദനനെ ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുന്നതു പതിവാണ്. ഇന്നലെ വിളിച്ചപ്പോള്‍ മധുസൂദനന്‍ അടക്കം കുടുംബാംഗങ്ങളുടെയെല്ലാം ഫോണ്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് കേട്ടത്. അപകടവിവരം അറിയാതെ മറ്റു പല ബന്ധുക്കളും വിളിച്ചിരുന്നു. ഒടുവില്‍ മുംബൈയില്‍നിന്നു പൊലീസ് വിളിച്ചപ്പോഴാണ് അപകടം നടന്നകാര്യം അറിഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7