ഐപിഎല്‍ അടുത്ത സീസണില്‍ ധോണി തന്നെയാകുമോ ചെന്നൈയെ നയിക്കുക.. ഉത്തരം ഇതാ

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരുന്നോ? ധോണിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ‘ഡെഫനിറ്റ്‌ലി നോട്ട്’ എന്നുതന്നെയായിരിക്കും എല്ലാ ‘തല’ ആരാധകരുടേയും ഉത്തരം. ഐപിഎല്‍ 13ാം സീസണിലെ അവസാന മത്സരത്തിനിറങ്ങിയ ചെന്നൈ നായകനോട്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ ഇത് താങ്കളുടെ അവസാന മത്സരമാകുമോ എന്ന് അവതാരകന്‍ ഡാനി മോറിസന്‍ ചോദിച്ചപ്പോഴാണ് ധോണിയില്‍നിന്ന് ആ മറുപടി വന്നത് ‘ഡെഫിനിറ്റ്ലി നോട്ട്…

എന്നാല്‍ അടുത്ത സീസണില്‍ ധോണി തന്നെയാകുമോ ചെന്നൈയെ നയിക്കുക എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ധോണി തന്നെ ടീമിനെ നയിക്കുമെന്ന് മാനേജ്‌മെന്റ് തറപ്പിച്ച് പറയുമ്പോള്‍ സംശയം പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല. ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍ ആണ്. 2021ല്‍ ധോണി ചെന്നൈ നയിക്കാന്‍ സാധ്യതയില്ലെന്നാണ് സഞ്ജയുടെ അഭിപ്രായം. പകരം നായകന്‍ ആരാകുമെന്നതിലും സഞ്ജയ്ക്ക് ഉത്തരമുണ്ട്.

‘എനിക്ക് മനസിലാക്കാന്‍ കഴിയുന്നിടത്തോളം, അടുത്ത വര്‍ഷം ചെന്നൈയുടെ നായകനായി ധോണി തുടരുമെന്ന് തോന്നുന്നില്ല. ഫാഫ് ഡുപ്ലെസി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് ധോണി ടീമില്‍ തുടരുന്നതായിരിക്കും ഉചിതം. ഡുപ്ലെസിയുടെ നേതൃത്വത്തില്‍ തന്നെ താരങ്ങളുടെ കൈമാറ്റം നടക്കുന്നതാണ് നല്ലത്.’ സഞ്ജയ് ബംഗാര്‍ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ തല്‍ക്കാലം ഇപ്പോള്‍ മറ്റാരുമില്ല. ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ പ്രാപ്തിയുള്ള ഒരാളെ മറ്റു ടീമുകള്‍ കൈമാറുമെന്ന് തോന്നുന്നില്ലെന്നും സഞ്ജയ് പറഞ്ഞു

സ്റ്റാര്‍ സ്‌പോര്‍ടിസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച്. ‘2011ന് ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി തുടരണമോ എന്ന് ധോണി ചിന്തിച്ചിട്ടുണ്ടാകാം, പക്ഷേ അതിനുശേഷം ഇന്ത്യക്ക് കുറച്ച് കടുത്ത മത്സരങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പര്യടനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം ആ ചുമതല കൈകാര്യം ചെയ്തു. ശരിയായ സമയത്ത് ക്യാപ്റ്റന്‍സി വിരാട് കോലിക്കു കൈമാറുകയും ചെയ്തു.’ സഞ്ജയ് ബംഗാര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment