കെ.എം. ഷാജിയെ ഇന്നും ചോദ്യം ചെയ്യും;

കണ്ണൂർ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. ഇന്നലെ പത്തര മണിക്കൂറാണ് ഷാജിയെ ചോദ്യം ചെയ്തത്. വേണ്ടത്ര രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു.

ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. കോഴിക്കോട് മാലൂർകുന്നിൽ ഷാജി നിർമിച്ച വീടിന് 1.60 കോടി രൂപ വിലമതിക്കുമെന്ന് കോർപറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വീട് നിർമിക്കാൻ ഭാര്യ വീട്ടുകാർ ധനസഹായം നൽകിയതിന്റെ രേഖകൾ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നൽകിയത്. രണ്ട് വാഹനങ്ങൾ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു.

വയനാട്ടിലെ കുടുംബ സ്വത്തിൽ നിന്നുള്ള വിഹിതവും ഉപയോഗിച്ചു. വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പിൽ പങ്കാളിത്തമുണ്ടായിരുന്നു. 2010 ൽ പങ്കാളിത്തം ഒഴിഞ്ഞപ്പോൾ ലഭിച്ച പണവും വീട് നിർമാണത്തിന് ഉപയോഗിച്ചതായി ഷാജി ഇഡിയെ അറിയിച്ചു. അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ പണം ആവശ്യപ്പെട്ടത് പാർട്ടിയുടെ പ്രാദേശിക കമ്മിറ്റിയാണ്. പണം വാങ്ങരുതെന്ന് പ്രവർത്തകരോടും നൽകരുതെന്ന് സ്കൂൾ മാനേജ്മെന്റിനോടും താൻ പറഞ്ഞിരുന്നതായി ഷാജി പറഞ്ഞു. എന്നാൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിൽ അവതരിപ്പിച്ച കണക്കിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ നൽകിയതായി രേഖയുണ്ടായിരുന്നു. തന്റെ ഭാഗം പൂര്‍ണമായും ഇ.ഡിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.

തീര്‍‍ച്ചയായും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ഇ.ഡി. അവരുടെ അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കേണ്ടതുണ്ട്. രേഖകള്‍ പരമാവധി ഹാജരാക്കിയിട്ടുണ്ട്. മറ്റുള്ളവ കൈമാറുന്നതിനും കുറച്ച് കൂടി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുമാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. ഏത് അന്വേഷണവും നേരിടാനുള്ള ചങ്കൂറ്റമുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും.

അന്വേഷണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെയും സ്കൂൾ അധികൃതരുടെയും ഷാജിയുടെ ഭാര്യയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular