ഹണിട്രാപ് ഒരുക്കി ദിവാകരനെ കൊച്ചിയിലേയ്ക്ക് വിളിച്ചു വരുത്തി കൊന്നു

കൊച്ചി: കൊല്ലം ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായരെ (64) ബ്രഹ്മപുരത്തു വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്ന് കുടുംബം. അറസ്റ്റിലായവരുമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കഴിഞ്ഞ ദിവസം ഇളമൊടത്തി തെളിവെടുത്തു. വസ്തു തര്‍ക്കത്തെത്തുടര്‍ന്നുള്ള കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഹണിട്രാപ് മാതൃകയില്‍ ദിവാകരന്‍ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ചു കൊന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.

ദിവാകരന്‍ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയില്‍ ചരളയില്‍ വീട്ടില്‍ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കല്‍ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്ത് കൊല്ലം കുമിള്‍ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് ഇതുവരെ ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ പിടിയിലായത്.

ഷാനിഫ മലപ്പുറത്ത് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അനില്‍കുമാര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെണ്‍കെണിയൊരുക്കി ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികില്‍ തള്ളുകയായിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരന്‍ നായരും അനുജന്‍ മധുസൂദനന്‍ നായരും തമ്മില്‍ തര്‍ക്കവും 15 വര്‍ഷമായി കേസും നിലനിന്നിരുന്നു. മകനും മരുമകള്‍ക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോള്‍, തര്‍ക്കസ്ഥലം അളന്നു തിരിച്ചു വില്‍ക്കാനായി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ശ്രമം നടത്തി. എന്നാല്‍, ഇതിനെ ദിവാകരന്‍ നായര്‍ എതിര്‍ത്തു. തുടര്‍ന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം പൊന്‍കുന്നത്തു നിന്നെത്തി പ്രശ്‌നത്തില്‍ ഇടപെട്ടു.ഇതു സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്നാണു ദിവാകരന്‍ നായരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഷാനിഫ മുഖേന, ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തിദിവാകരനെ പിന്തുടര്‍ന്നു. രാത്രി തൃക്കാക്കര ക്ഷേത്രത്തിനു സമീപംഓട്ടോയില്‍ വന്നിറങ്ങിയ അദ്ദേഹത്തെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയ സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. രാത്രി വൈകി കരിമുകള്‍ഇന്‍ഫോ പാര്‍ക്ക് റോഡില്‍ ബ്രഹ്മപുരത്തു കെഎസ്ഇബിയുടെ ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം ഉപേക്ഷിച്ചു പ്രതികള്‍ പൊന്‍കുന്നത്തേയ്ക്കു മടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7