ശിവശങ്കർ ആറു ദിവസം ഇഡി കസ്റ്റഡിയിൽ; സ്വർണക്കടത്തിന് ലൈഫ് മിഷനുമായി ബന്ധം

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി കാലാവധി ആറു ദിവസത്തേക്കു കൂടി നീട്ടി. നേരത്തെ അനുവദിച്ച ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ അന്വേഷണ സംഘം ഏഴു ദിവസത്തെ കസ്റ്റഡി കൂടി അനുവദിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ആറു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചത്.

അതേസമയം, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് കൈമാറിയിരുന്നതായി ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇതിന്റെ വാട്സാപ് വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇതുസംബന്ധിച്ച കാര്യത്തിൽ അന്വേഷണത്തിന് ഇഡിക്ക് സാധിക്കുമോ എന്ന് കോടതി ചോദിച്ചു. ഇഡിക്ക് ഇക്കാര്യം അന്വേഷിക്കാൻ സാധിക്കില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. എന്നാൽ സ്വർണക്കടത്തും ലൈഫ് മിഷൻ പദ്ധതിയുടെ കമ്മിഷൻ ഇടപാടുകളും തമ്മിൽ ബന്ധമുണ്ടെന്നും രഹസ്യ വിവരങ്ങൾ സ്വപ്നയ്ക്ക് കൈമാറിയതിലൂടെ ശിവശങ്കർ ഗൂഢപദ്ധതിയുടെ ഭാഗമാണ് എന്നാണ് വ്യക്തമാകുന്നത് എന്നും കോടതിയെ അറിയിച്ചു.

കസ്റ്റഡിയിൽ ലഭിച്ച ആദ്യ ദിവസങ്ങളിൽ ശിവശങ്കർ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ടോ എന്ന് ശിവശങ്കറിനോട് കോടതി ചോദിച്ചു. അത്തരത്തിൽ ഉണ്ടായിട്ടില്ല എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. ശിവശങ്കറിനെ 11ന് വീണ്ടും കോടതിയിൽ ഹാജരാക്കണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7