മരിച്ച് 18 മണിക്കൂറിനു ശേഷവും ശരീരത്തില്‍ കൊറോണ വൈറസ് സജീവം

കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരത്തില്‍, മരണം നടന്ന് 18 മണിക്കൂറിനു ശേഷവും കൊറോണ വൈറസ് സജീവമായിരിക്കാം. െബംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്.

14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗി മരണത്തിന് കീഴടങ്ങിയത്. മരിച്ച് 18 മണിക്കൂറിന് ശേഷവും ഇദ്ദേഹത്തിന്റെ വായിലും തൊണ്ടയിലും മൂക്കിലും വൈറസിന്റെ സജീവ സാന്നിധ്യം കണ്ടെത്തി.

ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ദിനേഷ് റാവുവാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആദ്യമായാണ് ഇത്തരത്തിലൊരു പരിശോധന ഇന്ത്യയില്‍ നടക്കുന്നത്. അതേസമയം മുഖത്തെയും കഴുത്തിലെയും ചര്‍മത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല.

സാധാരണ ഗതിയില്‍ 600-700 ഗ്രാം ഭാരം വരുന്ന ശ്വാസകോശത്തിന് ഈ രോഗിയില്‍ മരണ ശേഷം 2.18 കിലോഗ്രാം ഭാരമുണ്ടായിരുന്നു. രോഗിയുടെ ശ്വാസകോശം ഒരു തുകൽപന്ത് പോലെ കട്ടിയുള്ളതായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

ക്ലോട്ടുകളും വായുസഞ്ചികളുടെ നാശവും ശ്വാസകോശത്തില്‍ കണ്ടെത്തി. ഈ രോഗിക്ക് വെന്റിലേഷന്‍ കൊണ്ട് രക്ഷ കിട്ടില്ലായിരുന്നു എന്ന് പരിശോധന ചൂണ്ടിക്കാട്ടുന്നു. വായുസഞ്ചിയിലെയും മറ്റും ക്ലോട്ട് അലിയിച്ചു കളയാന്‍ ത്രോബോളിറ്റിക് തെറാപ്പികളായിരുന്നു ആവശ്യം.

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കണമെന്നും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കരുതെന്നും ദിനേഷ് മുന്നറിയിപ്പ് നല്‍കി. 1 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular