ഫിഫ്റ്റി സമർപ്പിച്ചത് ഭാര്യാപിതാവിന്; നിതീഷ് റാണ പ്രദർശിപ്പിച്ച ജഴ്സിയ്ക്ക് പിന്നിലെ കഥ

ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 195 വിജയലക്ഷ്യത്തിനു പിന്നിൽ നിതീഷ് റാണ എന്ന യുവ താരത്തിൻ്റെ ഗംഭീര ബാറ്റിംഗ് പ്രകടനമുണ്ടായിരുന്നു. 81 റൺസെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിൽ മടങ്ങിയ റാണയായിരുന്നു കെകെആർ സ്കോറിൻ്റെ നട്ടെല്ല്. നാലാം വിക്കറ്റിൽ നരേനുമൊത്ത് 115 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി.

അർധസെഞ്ചുറി തികച്ചയുടൻ റാണ ഒരു ജഴ്സി ഉയർത്തി പ്രദർശിപ്പിച്ചത് പ്രേക്ഷകർ കണ്ടിട്ടുണ്ടാവും. സുരിന്ദർ എന്ന് രേഖപ്പെടുത്തിയ ആ ജഴ്സി എന്തിന് റാണ പ്രദർശിപ്പിച്ചു എന്നത് സമൂഹമാധ്യമങ്ങൾ അന്വേഷിക്കുകയാണ്. ആ ജഴ്സിയിലെ സുരിന്ദർ ഇന്നലെ മരണപ്പെട്ട റാണയുടെ ഭാര്യാപിതാവിൻ്റെ പേരാണ്. ക്യാൻസറിനോട് പോരാടി മരണമടഞ്ഞ അദ്ദേഹത്തിന് റാണ തൻ്റെ ഫിഫ്റ്റി സമർപ്പിക്കുകയായിരുന്നു.

മത്സരത്തിൽ 42 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി പതറിയ കൊൽക്കത്തയിലെ നാലാം വിക്കറ്റിൽ സുനിൽ നരേനും നിതീഷ് റാണയും ചേർന്ന 115 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ഫിഫ്റ്റി നേടി. 81 റൺസെടുത്ത നിതീഷ് റാണ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. നരേൻ 64 റൺസെടുത്തു. ഡൽഹിക്കായി റബാഡ, നോർക്കിയ, സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

pathram desk 1:
Leave a Comment