നിയമം മാറിയത് അറിഞ്ഞില്ല; നാൽപതോളം മലയാളികൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

ദുബായ് : യാത്രാ നിയമങ്ങൾ മാറിയതറിയാതെ സന്ദർശക വീസയിൽ ദുബായിലെത്തിയ നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. സന്ദർശക–ടൂറിസ്റ്റ് വീസകളിലെത്തുന്നവർ 2000 ദിർഹം (നാൽപതിനായിരത്തോളം രൂപ) കൈയിൽ കരുതണമെന്ന് തങ്ങളെ അധികൃതർ അറിയിച്ചതായി ഇവർ പറഞ്ഞു. കൂടാതെ, ഹോട്ടൽ ബുക്ക് ചെയ്ത രേഖ, ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ താമസ വിവരങ്ങൾ എന്നിവയും ഹാജരാക്കണം. നിയമ ഭേദഗതി അറിയാതെ എത്തി കുടുങ്ങിയ തങ്ങളുടെ പ്രശ്നത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ദുബായിൽ എത്തിയവരിൽ ഭൂരിഭാഗവും തൊഴിൽതേടി വന്ന സാധാരണക്കാരാണ്.

ഇന്നലെ വൈകിട്ട് ആറരയ്ക്ക് ഗോ എയർ വിമാനത്തിൽ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി ഒൻപതിന് ദുബായ്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയവരാണ് കുടുങ്ങിയത്. ദുബായ് എമിഗ്രേഷൻ അധികൃതർ 2,000 ദിർഹം കൈയിലുണ്ടോ എന്ന് ചോദിച്ചതായും ഇല്ലെന്ന് അറിയിച്ചപ്പോൾ പുറത്തിറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞതായും യാത്രക്കാരിലൊരാളായ തലശ്ശേരി സ്വദേശി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

തലശ്ശേരിയിലെ ഒരു ട്രാവൽ ഏജൻസിയിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നൽകി സന്ദർശക വീസയിലാണ് ബാബു വന്നത്. ഇവിടെ 14 ദിവസം ക്വാറന്റീൽ കഴിഞ്ഞ ശേഷം സൗദിയിലേയ്ക്ക് പോകാനായിരുന്നു ഉദ്ദേശം. ക്വാറന്റീനിൽ കഴിയുന്നതിനുള്ള ഹോട്ടൽ മുറിയട‌ക്കം എല്ലാ സൗകര്യങ്ങളും ട്രാവൽ ഏജൻസി ഏർപ്പെടുത്തിയിരുന്നു. ഇത് അധികൃതരെ അറിയിച്ചുവെന്നും എന്നാൽ, പണം കൈയിലില്ലാത്തതിനാൽ പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും ബാബു പറയുന്നു. അത്യാവശ്യ ചെലവിനുള്ള 25 ദിർഹം മാത്രമേ ഇൗ യുവാവിന്റെ കൈയിലുള്ളൂ.

കോഴിക്കോട് പയ്യോളി സ്വദേശി ജോഷിയും ഇതേ വിമാനത്തിലാണ് എത്തിയത്. നേരത്തെ ദുബായിൽ 8 വർഷത്തോളം ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം വീസ റദ്ദാക്കി പോയ ശേഷം സന്ദർശക വീസയിലാണ് വീണ്ടും വരാൻ ശ്രമിച്ചത്. എന്നാൽ, 2,000 ദിർഹം കൈയിൽ കരുതണമെന്ന് അറിയില്ലായിരുന്നുവെന്നു ജോഷി പറയുന്നു. ഇതുപോലെ മറ്റു യാത്രക്കാരും കുടുക്കിൽ പെടുകയായിരുന്നു.

ഇവര്‍ സന്ദർശക വീസ എടുത്ത നാട്ടിലെ ട്രാവൽസുകാരെ വിവരം ധരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ വൈകിട്ടോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്ന കാര്യം അറിഞ്ഞതെന്നായിരുന്നു മറുപടി. അപ്പോഴേയ്ക്കും വിമാനം പുറപ്പെട്ടു കഴിഞ്ഞിരുന്നു. തങ്ങളുടെ സ്ഥാപനത്തിന്റെ ദുബായിലെ പ്രതിനിധികൾ ഉടൻ ബന്ധപ്പെടുമെന്നാണ് ട്രാവൽ ഏജൻസി അറിയിച്ചിട്ടുള്ളത്. അവരെ കാത്തിരിക്കുകയാണ് എല്ലാവരും. അതോടൊപ്പം ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയും പുലർത്തുന്നു.

ഇന്നലെ എത്തിയതു മുതൽ യാത്രക്കാരെല്ലാം വിമാനത്താവളത്തിനകത്ത് തണുപ്പ് സഹിച്ച് കഴിയുകയാണ്. പലരും കൈയിൽ പണമില്ലാത്തതിനാൽ രാത്രി പട്ടിണിയായിരുന്നു. ഇന്ന് രാവിലെ ഗോ എയർ വിമാന അധികൃതർ സാന്‍ഡ് വിച് വാങ്ങിത്തന്നായി യാത്രക്കാർ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ ഇതുപോലെ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. കൂടാതെ, ലഹോർ, കറാച്ചി, പെഷവാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ 180 പാക്കിസ്ഥാനികളും ദുബായിൽ കുടുങ്ങി.

ഹോട്ടൽ റിസർവേഷൻ, റിട്ടേൺ ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയില്ലാത്ത സന്ദർശക, ടൂറിസ്റ്റ് വീസയിൽ വന്ന കുറച്ചുപേരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻ‍ഡ് ഫോറിൻ ്ഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ...

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427,...

കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’, ​ഋതിക്കിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ ബോളീവുഡ് താരങ്ങളായ കങ്കണ റനൗട്ടും ഋതിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശം. നടിയ്ക്കു 'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് ചാറ്റിൽ പറയുന്നത്. കങ്കണയ്ക്കു...