ഇന്ത്യയിൽ കോവിഡ് 19 പ്രതിരോധ വാക്സിൻ അടുത്ത വർഷം ആദ്യം

ന്യൂഡൽഹി: അടുത്ത വർഷം ആദ്യത്തോടെ കോവിഡ് 19 പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഒന്നിലധികം സ്രോതസ്സുകളിൽനിന്ന് വാക്സിൻ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം ആദ്യത്തോടെ ഒന്നിലധികം സ്രോതസ്സുകളിൽനിന്നായി വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയും ആസൂത്രണങ്ങൾ നടത്തുകയും ചെയ്തു. അതിനൊപ്പം തന്നെ കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ നാലു കോവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. 2021 ആദ്യപാദത്തോടെ വാക്സിൻ ലഭ്യമാകുമെന്നു മന്ത്രി ആദ്യം അറിയിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്സിന് മാത്രമായോ ഒരു വാക്സിൻ ഉല്പാദകർക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന് ഞായറാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ലഭ്യതയുടെ അടിസ്ഥാനത്തിൽ നിരവധി കോവിഡ് 19 വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താൻ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment