ഉത്തർപ്രദേശിൽ മൂന്ന് ദളിത് സഹോദരിമാർക്ക് നേരേ ആസിഡ് ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 17,12, എട്ട് വയസ്സുള്ള പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോണ്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
സഹോദരിമാരായ പെൺകുട്ടികൾ ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. പുലർച്ചെ ടെറസിലൂടെ വീട്ടിൽ കയറിയ അക്രമി ഇവർക്ക് നേരേ ആസിഡ് ഒഴിച്ച് കടന്നുകളയുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ പിതാവാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
17-കാരിക്ക് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. 12-കാരിക്ക് 20 ശതമാനവും എട്ട് വയസ്സുകാരിക്ക് ഏഴ് ശതമാനവും പൊള്ളലേറ്റു. മൂവരും ഗോണ്ടയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മൂത്ത മകൾക്കാണ് കൂടുതൽ പരിക്കേറ്റതെന്നും മകളുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നതെന്നും പെൺകുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ആസിഡ് വീണ് അവളുടെ മുഖത്തെല്ലാം പൊള്ളലേറ്റിട്ടുണ്ട്. ഇനി എങ്ങനെ വിവാഹം നടക്കുമെന്ന് തനിക്കറിയില്ല’- പിതാവ് പറഞ്ഞു.
വിവരമറിഞ്ഞ് പോലീസും ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങളിൽനിന്നും അയൽക്കാരിൽനിന്നും പോലീസ് മൊഴിയെടുത്തു. പ്രതിയെന്ന് സംശയിക്കുന്നവരായി കുടുംബം ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. കുടുംബത്തെ അറിയുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Leave a Comment