നടി പാർവതി തിരുവോത്ത് രാജിവെച്ചു

താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജിവെച്ചു. ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതികരണം. ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി ഫെയ്സ്ബുക് പോസ്റ്റില്‍ തുറന്നടിച്ചു. ബാബുവിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഉച്ചയോടെ തന്നെ രംഗത്തെത്തിയിരുന്നു.

അമ്മ നിർമിക്കുന്ന ട്വിന്റി–ട്വിന്റി മോഡൽ സിനിമയിൽ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് വിവാദമാകുന്നത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയിൽ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

പാർവതി തിരുവോത്ത്‌”.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7