ദമാം: സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾ നിർദേശം നൽകി. സൗദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം മതിയാകുമെന്നാണ് അധികൃതർ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ നിർദേശം. നേരത്തെ ഇത് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ ഫലം വേണമെന്നായിരുന്നു.
സൗദിയിലേക്ക് വരുന്ന പ്രവാസികൾക്കാണ് ഈ നിബന്ധന. ഇതനുസരിച്ച് രാജ്യത്തേയ്ക്ക് കടക്കുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതുണ്ട്. അംഗീകൃത ലാബുകളിൽ നിന്നു നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായതിന്റെ സർട്ടിഫിക്കറ്റ് കൈവശം കരുതാത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ 8 വയസിനു താഴെയുള്ള കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും അധികൃതർ സർക്കുലറിൽ വ്യക്തമാക്കി.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് പുതിയ നിർദേശമെന്ന് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 15 മുതലാണ് സൗദിലേക്കുള്ള രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് ഭാഗികമായി നീക്കിയത്. എന്നാൽ കോവിഡ് ബാധ രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഇതുവരെ നേരിട്ട് പ്രവേശനാനുമതിയായിട്ടില്ല.മറ്റു ജിസിസി രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് നിലവിൽ ഇന്ത്യക്കാർ എത്തുന്നത്.