രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയർന്നു.
86428 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. നിലവിൽ 9,04,441 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 83.33 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.
കർണാടകത്തിൽ 10,453 പേർക്കും ആന്ധ്രയിൽ 6,190 പേർക്കും തമിഴ്നാട്ടിൽ 5,546 പേർക്കും ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ പത്തു വയസിന് മുകളിൽ പ്രായമുള്ള 15 പേരിൽ ഒരാൾക്ക് കൊവിഡ് വന്നിട്ടുണ്ടാകാമെന്ന സിറോ സർവേ ഫലം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ ഐസിഎംആർ നടത്തിയ രണ്ടാം സർവേയിലാണ് കണ്ടെത്തൽ. അൺലോക്ക് അഞ്ചിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഇന്ന് പുറത്തു വന്നേക്കും.