കൊല്ലം : കോവിഡിനെ തോൽപിച്ച വീട്ടമ്മയെ ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല. ചവറ പുത്തൻതുറ സ്വദേശിയായ ജാനകിയമ്മ (90)യാണ് കോവിഡ് മുക്തയായി 10 ദിവസം കഴിഞ്ഞിട്ടും കൂട്ടിക്കൊണ്ടു പോകാൻ ആരും എത്താത്തതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിൽ ജില്ലാ ആശുപത്രിയിൽ കഴിയുന്നത്. അടുത്ത ബന്ധുക്കൾ ഉണ്ടായിട്ടും ജാനകിയമ്മ ഗാന്ധിഭവനിലാണു കഴിഞ്ഞ കുറെ നാളുകളായി കഴിഞ്ഞിരുന്നത്. കോവിഡ് രൂക്ഷമായതിനിടെ തുടർന്ന് ഏതാനും ദിവസം മുൻപു പുത്തൻതുറയിലെ ചെറുമകന്റെ വീട്ടിൽ അമ്മയെ എത്തിച്ചു.
തുടർന്നു വാർഡ് അംഗം ഇടപെട്ടു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു ചവറ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിൽ ജാനകിയമ്മയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 ദിവസത്തെ ആരോഗ്യപ്രവർത്തകരുടെ പരിശ്രമത്തിലൂടെയാണു ജാനകിയമ്മ മരണമുഖത്തു നിന്നു തിരികെയെത്തിയത്. രോഗം ഭേദമായി ദിവസങ്ങൾ കഴിഞ്ഞിട്ടും അമ്മയെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാത്തതിനെ തുടർന്നു സൂപ്രണ്ടിന്റെ നിർദേശപ്രകാരം പ്രത്യേക സൗകര്യം ഒരുക്കി ജാനകിയമ്മയെ സംരക്ഷിക്കുകയാണ് .