മുംബൈ: സുശാന്ത് സിങ്ങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലേക്ക് സിബിഐ സംഘം നീങ്ങുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തിയേക്കും.
സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം ഉടൻ തങ്ങളുടെ പരിശോധനാ റിപ്പോർട്ട് സിബിഐയ്ക്കു കൈമാറും. ഇന്നലെ റിപ്പോർട്ട് നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്.
സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ നടന്റെ മുൻ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം ഇരുവർക്കും സമൻസ് അയച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചോദ്യം ചെയ്യൽ വേണ്ടെന്നു വച്ചിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട റിയ ചക്രവർത്തിയുടെ വാട്സാപ് ചാറ്റുകളിൽ ശ്രുതിയുടെയും ജയയുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് എൻസിബി പറയുന്നത്.