ഐപി‌എൽ: ഡൽഹിക്കെതിരെ പഞ്ചാബിന് ടോസ്

ദുബായ്: ഐപിഎൽ 13–ാം സീസണിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ. രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബോളിങ് തിരഞ്ഞെടുത്തു. സ്പിന്നര്‍മാരാണ് ഡല്‍ഹിയുടെ കരുത്തെങ്കില്‍ ക്രിസ് ഗെയിലും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെടുന്നതാണ് കെ.എല്‍.രാഹുല്‍ നയിക്കുന്ന പഞ്ചാബിന്റെ ബാറ്റിങ് നിര. ഡല്‍ഹിയുടെ സ്പിന്നര്‍മാരും പഞ്ചാബിന്റെ പവര്‍ ഹിറ്റേഴ്സും നേര്‍ക്കുനേരെത്തുമ്പോൾ ആരു ജയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

സീസണ്‍ തുടക്കത്തില്‍ ഫോര്‍മുല വണ്‍ കാറുപോലെ കുതിക്കാറുള്ള കിങ്സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തിയത് ഒരിക്കല്‍ മാത്രമാണ്. യുഎഇ വേദിയായ 2014 ഐപിഎല്ലില്‍. സെഞ്ചുറി നേട്ടത്തിലൂടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചെത്തുന്ന ഗ്ലെന്‍ മാക്‌സ്‌വെലുണ്ട് പഞ്ചാബ് നിരയില്‍. കൂട്ടിന് കെ.എല്‍. രാഹുല്‍, ക്രിസ് ഗെയില്‍, സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍ തുടങ്ങിയവരും. നല്ലൊരു സ്പിന്നര്‍ ഇല്ലെന്നതാണ് പഞ്ചാബിന്റെ പോരായ്‌മ.

ആര്‍.അശ്വിന്‍–അക്സർ പട്ടേല്‍–അമിത് മിശ്ര സ്പിന്‍ ത്രയമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്ത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാലമനായിറങ്ങി എട്ടു മല്‍സരങ്ങളില്‍ നിന്ന് 244 റണ്‍സ് അടിച്ചെടുത്ത ശ്രേയസ് അയ്യര്‍ അതേ മികവ് ക്യാപിറ്റല്‍സിനായും തുടരുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ താരം ശിഖർ ധവാനാണ് മറ്റൊരു പ്രതീക്ഷ. ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നീ ഇന്ത്യന്‍ യുവതാരങ്ങളും ഡല്‍ഹി ക്യാപിറ്റല്‍സ് ജഴ്സിയില്‍ ഇന്ന് കളത്തിലിറങ്ങും.

pathram desk 2:
Leave a Comment