കളവോ,കഞ്ചാവുകേസോ ആയിരിക്കുമെന്ന് കരുതി; വിവരമറിഞ്ഞപ്പോള്‍ അമ്പരപ്പ്, ഞെട്ടൽ

ഏലൂർ: തങ്ങളു‍ടെ പ്രദേശത്തു നിന്ന് രാജ്യാന്തര ഭീകര സംഘടനയിലെ അംഗത്തെ പിടികൂടിയെന്ന വാർത്ത നാട്ടുകാരിൽ അമ്പരപ്പും ഞെട്ടലും ഉണ്ടാക്കി. പുലർച്ചെ 2 മണിയോടെയാണ് എൻഐഎ സംഘം ഏലൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐയും പൊലീസുകാരുമായി മുർഷിദ് ഹസൻ താമസിച്ചിരുന്ന വാടകവീട്ടിലെത്തിയത്.

അറസ്റ്റിനു സഹായിക്കണമെന്നല്ലാതെ പൊലീസിനോ‌‌ടും എൻഐഎ സംഘം കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. കളവുകേസോ, കഞ്ചാവുകേസോ ആയിരിക്കുമെന്നാണ് കരുതിയതെന്ന് സമീപവാസികൾ പറഞ്ഞു.

രാവിലെ ചാനലുകളിൽ വാർത്ത വന്നതോടെയാണ് കേട്ടറിവു മാത്രമുള്ള ഭീകര സംഘടനയിലെ അംഗമാണ് തങ്ങളുടെ വീടിനരികിൽ താമസിച്ചിരുന്ന അതിഥിത്തൊഴിലാളിയെന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞതെന്ന് മുനിസിപ്പൽ കൗൺസിലർ ജാസ്മിൻ മുഹമ്മദ്കുഞ്ഞും മുൻ ചെയർമാൻ പി.എം.അയൂബും പറഞ്ഞു

പാതാളം ജംക്‌ഷനു സമീപത്ത് പല കെട്ടിടങ്ങളും അതിഥിത്തൊഴിലാളികൾക്ക് വാടകയ്ക്കു നൽകിയിട്ടുണ്ട്. കമ്പനികൾ നേരിട്ട് വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങൾക്കു മാത്രമേ നിയമപ്രകാരമുള്ള കരാ‍ർ ഉണ്ടാകാറുള്ളു.

അഞ്ചോ ആറോ പേർക്ക് താമസിക്കാനെന്ന വ്യാജേനയാണ് കെട്ടിടങ്ങൾ വാട‌കക്ക് എടുക്കാറുള്ളത്. എന്നാൽ താമസിക്കുന്നത് മുപ്പതും നാല്പതും പേർ വീതമാണ്. താമസിക്കാനെത്തുന്നവരുടെ പേരുവിവരങ്ങളും തിരിച്ചറിയൽ രേഖകളും പൊലീസിന് യഥാസമയം കൈമാറണമെന്നാണ് നിർദേശം. ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ല.

ഇന്നലെ ഭീകരസംഘ‌ടനയിലെ അംഗം പിടിയിലായ കെട്ടിടത്തിൽ താമസക്കാർ വിവരങ്ങൾ രേഖപ്പെടുത്തി നൽകുന്നതിന് പൊലീസ് നൽകിയ ഫോമുകൾ ചിതറിക്കിടപ്പുണ്ടായിരുന്നു. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും പൊലീസ് പരിശോധന ന‌ടത്തണമെന്നുള്ള ആവശ്യവും നടപ്പിലാക്കാറില്ല.

എൻഐഎ അറസ്റ്റ് ചെയ്ത മുസാഫർ ഹുസൈനും യാക്കൂബ് ബിശ്വാസും താമസിച്ചിരുന്ന സ്ഥലങ്ങളിലെത്തി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിവര ശേഖരണം നടത്തി. ലോക്കൽ പൊലീസ് കേസ് അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും ഭാവിയിൽ ഉപയോഗിക്കേണ്ടി വരുന്ന വിവരശേഖരണമാണ് നടത്തിയതെന്നും അവർ പറഞ്ഞു

കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയുടെ ഓഫിസ് പെരുമ്പാവൂരിൽ കെഎസ്ആർടിസി റോഡിൽ മാസങ്ങൾക്കു മുൻപ് പ്രവർത്തനം തുടങ്ങിയിരുന്നത് ഭീകര പ്രവർത്തനം അന്വേഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് ഇന്നത്തെ അറസ്റ്റിനു ശേഷമുള്ള സൂചന

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7