നവംബറോടെ റഷ്യൻ നിർമിത കോവിഡ് വാക്സിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഇതിനായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ സർക്കാർ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തി.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടു(ആർഡിഐഎഫ്)മായാണ് 10 കോടി വാക്സിൻ നിർമിക്കാൻ കരാർ. അവസാന പരീക്ഷണഘട്ടത്തിലുള്ള സ്പുട്നിക്-വിയാകും രാജ്യത്ത് ലഭ്യമാക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കുംശേഷമാകും വിപണിയിലെത്തുക.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.റെഡ്ഡീസ് ലാബ് ഇതുസംബന്ധിച്ച് റഷ്യൻ വെൽത്ത് ഫണ്ട് ധാരണയിലെത്തിയിട്ടുണ്ട്.
ലോകത്ത് ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യ കോവിഡ് വാക്സിനാണ് റഷ്യയുടേത്. മേയ്ക്ക് ഇൻ ഇന്ത്യയിൽപ്പെടുത്തിയാകും നിർമാണം. തീരുമാനം രാജ്യത്തെ ഫാർമ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഇന്ത്യയിലെ റഷ്യൻ നയതന്ത്ര പ്രതിനിധി കിറിൽ ദിമിത്രീവ് അഭിപ്രായപ്പെട്ടു.