ആംബുലന്‍സില്‍ പീഡനത്തിനിരയായ യുവതി ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

കോട്ടയം :ആറന്‍മുളയില്‍ ആംബുലന്‍സില്‍ ഡ്രൈവറുടെ പീഡനത്തിനിരയായ കോവിഡ് പോസിറ്റീവായ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോവിഡ് ചികിത്സാകേന്ദ്രമായ പേവാര്‍ഡിനുള്ളിലെ ശുചിമുറിയില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ കതക് ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിച്ചു.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള യുവതിയെ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ‘108’ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചെന്നാണു കേസ്. പന്തളം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ഏതാനും ദിവസമായി യുവതി മാനസിക സംഘര്‍ഷത്തിലായിരുന്നെന്നു പറയുന്നു.

ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്കു പോയ യുവതി, ജീവിതം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി സംസാരിച്ചതോടെ നഴ്‌സുമാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നഴ്‌സുമാര്‍ പിന്നാലെ എത്തിയപ്പോള്‍ യുവതി തോര്‍ത്തുകളുമായി ശുചിമുറിക്കുള്ളില്‍ കയറി കൊളുത്തിട്ടു. സുരക്ഷാ ജീവനക്കാര്‍ എത്തി വിളിച്ചെങ്കിലും കതക് തുറക്കാന്‍ തയാറായില്ല. തുടര്‍ന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവതിയെ രക്ഷിച്ചു. തോര്‍ത്തുകള്‍ തമ്മില്‍ ബന്ധിച്ച് കുടുക്ക് ഇടുന്ന വിധത്തിലാണ് യുവതിയെ കണ്ടത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് അയച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7