മന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

കൊച്ചി: മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ജലീല്‍ എത്തി. സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം.

എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ്‌ ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്‌. പ്രധാനമായും മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകള്‍.

പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍.ഐ.എ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്. ലെഡ്ജര്‍ അടക്കമുളള കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു. അതിന്‌ശേഷമാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. 4478 കിലോഗ്രാം ഭാരമാണ് നയതന്ത്ര ബാഗേജിന് ഉണ്ടായിരുന്നത്. മതഗ്രന്ഥത്തിന്റെ ഭാരം കിഴിച്ച് മറ്റെന്താണ് ബാഗേജില്‍ ഉണ്ടായിരുന്നത് എന്നാണ് പരിശോധിക്കുന്നത്.

പ്രൊട്ടോക്കോള്‍ ലംഘനത്തെ കുറിച്ച് അറിവില്ലായിരുന്നു. താന്‍ ഔദ്യോഗികമായ ഇടപെടല്‍ മാത്രമാണ് കോണ്‍സുലേറ്റുമായും കേസില്‍ പ്രതിയായിട്ടുളള സ്വപ്‌നയുമായിട്ടും നടത്തിയത് എന്നായിരുന്നു കെ.ടി.ജലീലിന്റെ മൊഴി. ഏതായാലും എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.

മന്ത്രിയെത്തിയതിന് ശേഷം എന്‍.ഐ.എ കവാടത്തിന് മുന്നില്‍ പോലീസിനെ വിന്യസിച്ചു. വലിയ രീതിയിലുളള സുരക്ഷയാണ് ഇവിടെ പോലീസ് സജ്ജമാക്കിയിരിക്കുന്നത്.

pathram:
Leave a Comment