ചോദ്യം ചെയ്യലിനായി ജലീല്‍ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. മന്ത്രി എത്തിയത് എറണാകുളം രജിസ്‌ട്രേഷനിലുളള മുന്‍ ആലുവ എംഎല്‍എ എ.എം.യൂസഫിന്റെ കാറിലാണ്. കളമശ്ശേരി ഏരിയാകമ്മിറ്റി അംഗം കൂടിയാണ് എ.എം.യൂസഫ്‌.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനും മന്ത്രി സ്വകാര്യ കാറിലാണ് എത്തിയത്. ഔദ്യോഗിക വാഹനത്തില്‍ അരൂരിലെ വ്യവസായിയുടെ വസതിയിലെത്തിയ മന്ത്രി ഔദ്യോഗിക വാഹനം അവിടെ നിര്‍ത്തിയിട്ട് വ്യവസായിയുടെ സ്വകാര്യ വാഹനത്തിലാണ് ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായത്.

ഔദ്യോഗിക വാഹനം ഒഴിവാക്കി രഹസ്യമായി മന്ത്രി ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായത് വിവാദമായപ്പോള്‍ മാധ്യമങ്ങളുടെ ശ്രദ്ധ ഒഴിവാക്കാനായിരുന്നു ഇപ്രകാരം ചെയ്തതെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.

മറച്ചുവെക്കേണ്ടത് മറച്ചുവെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ചപോലും പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരമാണത്. മാധ്യമവാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു തന്റെ ലക്ഷ്യമെന്നും അത് നടന്നെന്നും മന്ത്രി കുറിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിരുന്നെന്നും ഇപ്പോഴും അത് തുടരുകയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

pathram:
Related Post
Leave a Comment