കൊച്ചി: മന്ത്രി കെ.ടി.ജലീലിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരും. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി മേധാവി അറിയിച്ചു. മന്ത്രിയിൽനിന്നു ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘം ഇഡി മേധാവിക്ക് കൈമാറിയിരുന്നു. ഇതു പരിശോധിച്ചുവരുകയാണെന്ന് ഇഡി അറിയിച്ചു. മന്ത്രി ഇ.പി.ജയരാജന്റെ മകനും അന്വേഷണ പരിധിയിലുണ്ട്. ഇദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തും. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇടപെട്ട ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി പുത്രന് കമ്മിഷന്‍ ലഭിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
നേരത്തെ, മന്ത്രി കെ.ടി. ജലീലിനെ കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തതായി റിപ്പോർട്ടു പുറത്തുവന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എൻഫോഴ്സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയായിരുന്നു. തുടർന്നു രാത്രിയിൽ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടു ഹാജരായതായാണ് വിവരം.