ജനശതാബ്ദി ഉള്‍പ്പെടെ നിര്‍ത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിക്കണം; റെയില്‍വെ മന്ത്രിക്ക് കത്ത്

ജനശതാബ്ദി ഉള്‍പ്പെടെ നിര്‍ത്തലാക്കിയ ട്രെയിനുകള്‍ അടിയന്തരമായി പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രറെയില്‍ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിന്‍ സര്‍വീസുകളായ തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം -കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എന്നീ ട്രെയിനുകളാണ് നിര്‍ത്തലാക്കിയത്.

കോവിഡ് 19 മഹാമാരിമൂലം ബസുകളും മറ്റും നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന ഗതാഗതസംവിധാനമാണ് നിലച്ചത്. ഇതോടെ ജനജീവിതം ദുസഹമായി.

യാത്രക്കാര്‍ കുറവാണ് എന്ന പേരു പറഞ്ഞാണ് റെയില്‍വെ ഈ നടപടിയെടുത്തത്. ട്രെയിനിന്റെ സ്റ്റോപ്പ് കുറച്ചതും ട്രെയിനില്‍ റിസര്‍വേഷന്‍ യാത്രക്കാരെ മാത്രം കയറ്റുന്നതുമാണ് യാത്രക്കാര്‍ കുറയാന്‍ കാരണം. സ്റ്റോപ്പുകള്‍ കുറച്ചതുമൂലം യാത്രക്കാര്‍ നിര്‍ദിഷ്ട സ്ഥലത്ത് എത്തിച്ചേരാന്‍ വളരെ ബുദ്ധിമുട്ടുന്നു. റിസര്‍വേഷന്‍ യാത്രക്കാര്‍ മാത്രം എന്ന നിബന്ധന മാറ്റി മറ്റു യാത്രക്കാര്‍ക്ക് വേറെ കംപാര്‍ട്ട്‌മെന്റ് അനുവദിച്ചാല്‍ മതി. സ്റ്റോപ്പുകള്‍ പഴയതുപോലെ നിലനിര്‍ത്തുകയും റിസര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്താല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular