കോവിഡ് കാലത്ത് ബാലപീഡനം വർധിച്ചു

ദുബായ്: കോവിഡ് കാലത്ത് ആഗോളതലത്തിൽ കുട്ടികൾക്ക് എതിരായ പീഡനങ്ങൾ വർധിച്ചതായി ഇന്റർപോൾ മുന്നറിയിപ്പ്. അവ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞതായും ഇന്റർപോൾ അധികൃതർ വ്യക്തമാക്കി. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.

പീഡന ദൃശ്യങ്ങൾ ലൈവായി കാണിക്കുന്നതിന്റെയും ഇതു ആവശ്യപ്പെടുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. കുട്ടികൾ സ്വയം ചിത്രീകരിച്ച് വിതരണം ചെയ്യുന്നതും വർധിച്ചിട്ടുണ്ട്. കോവിഡ് മൂലം വിദ്യാലയങ്ങൾ അടച്ചിരിക്കുന്നത്, കുട്ടികൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നത്, രാജ്യാന്തര യാത്രകൾക്കുള്ള വിലക്ക്, കുട്ടികളെ പീഡിപ്പിക്കുന്നതിന് എതിരായ പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും കൂടുതലായി രംഗത്തു വരാനുള്ള തടസ്സം തുടങ്ങിയവയാണ് പീഡനങ്ങൾ വർധിക്കാനുള്ള കാരണങ്ങളെന്ന് ഇന്റർപോൾ വിലയിരുത്തുന്നു. ഇതിനൊപ്പം കുട്ടികൾക്ക് ഇതു പുറത്തു പറയാനുള്ള പ്രതിബന്ധങ്ങളും പ്രധാന കാരണമാണ്. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ആളുകളുടെ എണ്ണം കൂടിയതും സാമ്പത്തിക പരാധീനതയും ഇതു വർധിക്കാൻ ഇടയാക്കുന്നുണ്ട്.

കോവിഡ് അധികമായി ബാധിച്ച പ്രദേശങ്ങളിൽ മാതാപിതാക്കൾ ആശുപത്രിയിലാകുന്ന സാഹചര്യത്തിൽ കുട്ടികളെ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും പ്രശ്നമാണ്. കോവിഡ് മൂലം ഈ മേഖലയിൽ പൊലീസിന്റെ ഇടപെടലും കുറഞ്ഞിട്ടുണ്ട്. ഇന്റർപോളിന്റെ ഡേറ്റാബേസ് അംഗരാജ്യങ്ങൾ ഉപയോഗിക്കുന്നതിലെ കുറവ്, പൊലീസ് സേനയുടെ ശ്രദ്ധ കൂടുതലും കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുന്നത്, വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് മൂലം പലപ്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് വിവരം നൽകാൻ കഴിയാതെ വരുന്നത്, കോടതി നടപടികളിലെ കാലതാമസം തുടങ്ങിയവയെല്ലാം പ്രതികൂല ഘടകങ്ങളാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ബോധവൽക്കരണം ശക്തമാക്കി ഓൺലൈൻ ദുരുപയോഗം തടയാൻ കനത്ത ജാഗ്രത പുലർത്തണമെന്നും ഇത്തരം റാക്കറ്റുകളെ തകർക്കാൻ നിരന്തരം വിവരങ്ങൾ ഇന്റർപോളിനടക്കം കൈമാറണമെന്നും റിപ്പോർട്ട് നിർദേശിച്ചു.

വലിയൊരു വിപത്തിന്റെ ചെറിയൊരംശം മാത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യം കാണുമ്പോൾ യഥാർഥത്തിൽ ഒരു കുട്ടി നശിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിയണം. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ വീണ്ടും ആ കുട്ടികൾ ഇരകളാകുന്നു. അതിനാൽ ഇതിനെതിരെ ഇന്റർപോളിന്റെ സഹായം എപ്പോഴും ഉണ്ടാകും -ജർജൻ സ്റ്റോക്ക്, ഇന്റർപോൾ സെക്രട്ടറി ജനറൽ

Similar Articles

Comments

Advertismentspot_img

Most Popular