പ്രകോപനം സൃഷ്ടിച്ചത് ചൈന; ഇന്ത്യന്‍ സേന വെടിവച്ചിട്ടില്ല: ആരോപണം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയാണെന്ന ചൈനീസ് ആരോപണം തള്ളി ഇന്ത്യ. ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യമാണ് ആകാശത്തേക്കു വെടിവച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച് രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണു ചൈന ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും വെടിവയ്പ് നടത്തിയിട്ടില്ലെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പാംഗോങ് തടാകത്തിനു തെക്ക് റെചിന്‍ ലായിലാണു തിങ്കളാഴ്ച രാത്രി വീണ്ടും സംഘര്‍ഷമുണ്ടായത്. 7000 ഇന്ത്യന്‍ സൈനികരാണു മേഖലയിലുള്ളത്. ടാങ്കുകള്‍ ഉള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്.

സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണു പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയായി പാംഗോങ് തടാകത്തിനു സമീപം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചൈനീസ് സൈന്യം ശ്രമിക്കുകയാണ്. അതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രി പ്രകോപനവുമായി രംഗത്തെത്തിയത്.

നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റ്റുകളാണ് ചൈന ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ഒരു ഇന്ത്യന്‍ പോസ്റ്റില്‍ കടന്നുകയറാനുള്ള ശ്രമമാണു നടത്തിയത്. ഇന്ത്യന്‍ സേന ചൈനീസ് നീക്കം ഫലപ്രദമായി തടഞ്ഞുവെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ തന്ത്രപ്രധാനമായ പല കുന്നുകളിലും ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചതാണ് ചൈനയെ ചൊടിപ്പിക്കുന്നത്. ചൈനീസ് സൈന്യം ആകാശത്തേക്കു വെടിവച്ചെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നാണ് വെടിവയ്പ് ഉണ്ടായതെന്നായിരുന്നു ചൈനയുടെ ആരോപണം.

മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ലഡാക്കില്‍ സ്ഥിതി അതീവഗുരുതരമാണെന്നും ആഴത്തിലുള്ള ചര്‍ച്ചയിലൂടെ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്നു പ്രതികരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular