കൊച്ചി: മുനമ്പത്ത് മനുഷ്യക്കടത്ത് ഒരാളില്‍ നിന്ന് കടത്ത് ഏജന്റുമാര്‍ വാങ്ങിയത് ഒന്നരലക്ഷം രൂപ. ഇന്ന് ദില്ലിയില്‍ നിന്ന് അറസ്റ്റിലായ ദീപക് പൊലീസിന് മൊഴി നല്‍കി. ഇതോടെ മനുഷ്യകടത്തുവഴി മറിഞ്ഞത് കോടികളെന്ന് തെളിയുന്നു.
മുനമ്പത്ത് നിന്ന് ബോട്ടില്‍ കയറി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് പേരാണ് ഇന്ന് പൊലീസ് പിടിയിലായത്. ദീപക്, പ്രഭു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരും തമിഴ്‌നാട്ടുകാരാണ്. കഴിയുന്നത് ദില്ലിയില്‍. തന്റെ ഭാര്യയും മകളും ബോട്ടില്‍ കയറിപ്പോയെന്നും മനുഷ്യക്കടത്ത് നടക്കുന്നെന്ന വിവരം പുറത്തറിഞ്ഞതോടെ യാത്ര മുടങ്ങിയെന്നുമാണ് അറസ്റ്റിലായ ദീപക് മൊഴി നല്‍കിയിരിക്കുന്നത്. പോകാന്‍ കഴിയാതിരുന്നതോടെ താമസിച്ചിരുന്ന ദില്ലി അംബേദ്കര്‍ നഗര്‍ കോളനിയിലേക്ക് രണ്ട് പേരും മടങ്ങി. മുനമ്പം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
ദില്ലിയില്‍ നിന്നും 200 ലേറെപ്പേര്‍ ചെന്നൈ കേന്ദ്രമാക്കിയ സംഘത്തിന് വിദേശത്തുപോകാന്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് മൊഴി. സംഘത്തിലെ മുഖ്യകണ്ണികളായ സെല്‍വന്‍,മണികണ്ഠന്‍, ശ്രീകാന്തന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഓസ്‌ട്രേലിയയ്ക്ക് പുറപ്പെട്ട ബോട്ടില്‍ ശ്രീകാന്തന്‍ രാജ്യം വിട്ടതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സെല്‍വനുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ദില്ലിയില്‍ തുടരുന്ന അന്വേഷണ സംഘം കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കുന്നുണ്ട്.