ബെയ്ജിങ്: ഇന്ത്യക്ക് എതിരേ പ്രകോപനപരമായ പരാമർശവുമായി ചൈന. യുദ്ധം ആരംഭിച്ചാൽ ഇന്ത്യ വിജയിക്കാൻ സാധ്യതയില്ലെന്നാണ് ചൈനയുടെ അവകാശവാദം. മോസ്കോയിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിലെ പ്രകോപനപരമായ പരാമർശം.
ചൈനയുടെ സൈനിക ശേഷി ഉൾപ്പെടെയുള്ള ശേഷി ഇന്ത്യയേക്കാൾ ശക്തമാണെന്ന് ഇന്ത്യൻ പക്ഷത്തെ ഓർമിപ്പിക്കണമെന്ന് ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ പറയുന്നു. ഇന്ത്യയും ചൈനയും വൻശക്തികളാണെങ്കിലും ഒരു പോരാട്ടമുണ്ടായാൽ ഇന്ത്യ തോൽക്കുമെന്നും അതിർത്തി വിഷയത്തിൽ യുദ്ധം ആരംഭിച്ചാൽ ഇന്ത്യക്ക് വിജയിക്കാൻ സാധിക്കില്ലെന്നും അവർ അവകാശപ്പെട്ടു.
പ്രതിരോധ മന്ത്രിമാരുടെ യോഗം ഇരു രാജ്യങ്ങളും സമവായത്തിലേക്ക് മടങ്ങിവരാനുള്ള വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗ്ലോബൽ ടൈംസ് പറഞ്ഞു. അതിർത്തിയിൽ സംഘർഷം കുറയ്ക്കാൻ ഇരുപക്ഷവും ശ്രമം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
നേരത്തെ, അന്താരാഷ്ട്ര അതിർത്തിയെ മാനിക്കണമെന്നും യഥാർത്ഥ നിയന്ത്രണ രേഖയുടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാൻ ശ്രമിക്കരുതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച മോസ്കോയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിലാണ് രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയെ കണ്ടത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതിനെയും നിയന്ത്രണ രേഖയിലെ പെരുമാറ്റത്തിന്റെ പേരിലും ചൈനീസ് സൈന്യത്തെ പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.