ഐഒസി ടാങ്കറിലെ തീയണയ്ക്കാനായിട്ടില്ല; കടലിൽ എണ്ണ പടരുമോയെന്ന് ആശങ്ക

കൊളംബോ: ഐഒസി (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ) ചാർട്ടർ ചെയ്ത എണ്ണ ടാങ്കറിലെ തീപിടിത്തം രണ്ടാം ദിനവും നിയന്ത്രിക്കാനാകാതെ തുടരുന്നു. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ എണ്ണപടരുമോ എന്ന ഉദ്വേഗത്തിലാണ് രാജ്യങ്ങൾ. ന്യൂ ഡയമണ്ട് എന്ന പനാമയിൽ റജിസ്റ്റർ ചെയ്ത കപ്പലിൽ ഇന്നലെയാണ് തീപിടിത്തമുണ്ടായത്.

ശ്രീലങ്കൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ്ഗാർഡും ഇന്ത്യൻ വ്യോമസേനയുടെ ഹെലിക്കോപ്റ്ററും തീ കെടുത്താനും രക്ഷാപ്രവർത്തനത്തിനുമായി രംഗത്തുണ്ട്. 2,70,000 ടൺ ക്രൂഡോയിലും 1700 ടൺ ഡിസലും ആണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും രക്ഷാപ്രവർത്തനത്തിന് വരുന്നുണ്ട്.

കുവൈത്തിൽനിന്ന് ഒഡിഷയിലെ പാരദ്വീപ് തുറമുഖത്തേക്കു വരികയായിരുന്നു ടാങ്കർ. ‌വ്യാഴാഴ്ച എൻജിൻ മുറിയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ജീവനക്കാരനായ ഒരു ഫിലിപ്പിനോ കൊല്ലപ്പെട്ടിരുന്നു. ബാക്കി 22 ജീവനക്കാരെ കപ്പലിൽനിന്നു മാറ്റി. ഇവരിൽ 5 ഗ്രീക്കുകാരും 17 ഫിലിപ്പിനോകളും ഉണ്ട്. വെള്ളിയാഴ്ച ഉച്ചവരെ തീപിടിത്തം ടാങ്കറിലേക്കു പടർന്നിട്ടില്ലെന്നാണ് വിവരം.

ശ്രീലങ്കയുടെ കിഴക്കൻ തീരത്തുനിന്ന് 60 കിലോമീറ്റർ അകലെയായപ്പോഴാണ് കപ്പലിൽനിന്ന് അപായസൂചന ലഭിച്ചത്. തുടർന്ന് ശ്രീലങ്കയുടെ 10 കിലോമീറ്റർ അടുത്തേക്കു കപ്പൽ എത്തുകയായിരുന്നു. കപ്പലിന്റെ ഒരു വശത്ത്‌ 2 മീറ്റര്‍ വിള്ളൽ വന്നിട്ടുണ്ടെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. ജലനിരപ്പിൽനിന്ന് 10 മീറ്ററോളം മുകളിലാണ് ഈ വിള്ളൽ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7