ഗർഭിണിയായ യുവതി ബസിൽ കയറാൻ വരുന്നതിനിടെ കാൽ തെറ്റി അതേ ബസിനടിയിലേക്കു വീണു മരിച്ചു.കണ്ണൂർ പെരുന്തോടിയിലെ കുരീക്കാട്ടുമറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യ (27) ആണു മരിച്ചത്. 5 മാസം ഗർഭിണിയായിരുന്നു. ബസിന്റെ ചക്രം ദിവ്യയുടെ ശരീരത്തിൽ തട്ടിയാണ് നിന്നത്.
ഇന്നലെ രാവിലെ 7ന് ആയിരുന്നു അപകടം. ജോലിക്കു പോകാനായി ഭർത്താവിനൊപ്പം സ്റ്റോപ്പിൽ എത്തിയ ദിവ്യ ബസ് വരുന്നതു കണ്ട് ഇറങ്ങി നടക്കവേ കാൽ തെറ്റി വീണതാണെന്നു ദൃക്സാക്ഷി പറഞ്ഞു. കാലിൽ ഷാൾ ഉടക്കിയോ ചെരുപ്പിൽ തട്ടിയോ വീണതെന്നാണു നിഗമനം. ആശുപത്രിയിൽ എത്തിക്കും മുൻപു മരിച്ചു. പുറത്തു പരുക്കുകൾ ഇല്ലായിരുന്നു. ഇന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും.
ബസ് ഡ്രൈവർക്ക് എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. സംസ്കാരം ഇന്ന് 9ന് പുന്നപ്പാലം സെന്റ് ജോർജ് ഓർത്തഡോക്സ് പളളിയിൽ നടത്തും. കണ്ണൂർ മിംസ് ആശുപത്രി വൃക്കരോഗ വിഭാഗത്തിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു ദിവ്യ. തോലമ്പ്ര പഴയമഠത്തിൽ ജോർജിന്റെയും ശാന്തയുടെയും മകളാണ്. സഹോദരി നീതു.
ഉടനെയെത്തുന്ന കണ്മണിയെ കാത്തിരുന്നവരുടെയെല്ലാം കണ്ണു നിറച്ചാണ് ദിവ്യയുടെ ചേതനയറ്റ ശരീരം ഇന്നലെ രാത്രി പെരുന്തോടിയിലെ കുരീക്കാട്ടുമറ്റത്തിൽ വീട്ടിലെത്തിച്ചത്. അപ്രതീക്ഷിതമായുണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.
കോവിഡ് കാലത്തും ജോലിയുടെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാതിരുന്ന മാലാഖയുടെ മരണത്തിൽ ഉറ്റവരെ ആശ്വസിപ്പിക്കാൻ പോലും കണ്ടു നിൽക്കുന്നവർക്ക് കഴിയുന്നുണ്ടായിരുന്നില്ല. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ദിവ്യ. ജോലിക്ക് പോകുന്നതിന് ഭർത്താവിനൊപ്പം കാറിലാണു ദിവ്യ ഇന്നലെ രാവിലെ ജംക്‌ഷനിലെത്തിയത്.
പോകാനുള്ള ബസ് വരുന്നത് കണ്ട് അടുത്തേക്ക് ചെന്നപ്പോഴാണ് അപകടമുണ്ടായത്. ബസ് വേഗം കുറച്ച് വരുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു കാണാം. പെട്ടെന്നു ബ്രേക്ക് ചെയ്ത അടയാളം റോഡിലും കാണാം. എതിർ വശത്തു നിന്ന് നടന്നു വന്ന ദൃക്സാക്ഷിയായ യുവതിയുടെ മൊഴിയനുസരിച്ച് ബസിന്റെ വാതിലിനടുത്തേക്ക് പിന്നിൽ നിന്ന് നടന്നു വരുന്നതിനിടെയാണ് ദിവ്യ പെട്ടെന്നു വീണത്.
ഷാൾ കാലിൽ കുരുങ്ങിയതോ, ചെരുപ്പ് തട്ടിയതോ ആകാം ബസിനടിയിലേക്ക് വീഴാൻ കാരണമെന്ന് കരുതുന്നു. ബസിന്റെ പിൻചക്രങ്ങൾ ദിവ്യയുടെ തലയുടെ ഭാഗത്ത് തട്ടിയാണ് നിന്നത്. ബോധരഹിതയായ ദിവ്യയെ ഭർത്താവ് ബിനുവിന്റെ തന്നെ കാറിൽ കണ്ണൂരിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മുൻപേ മരിച്ചിരുന്നു.
മോട്ടർ വാഹന വകുപ്പിനായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകുമെന്ന് ആർടിഒ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ബസ് നിർത്തുന്ന സമയത്താണ് അപകടം. അതിനാൽ ഡ്രൈവർ കുറ്റക്കാരനാണോ എന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബസ് പേരാവൂർ സ്റ്റേഷനിലാണ്.