12.5 കോടി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ എന്ന് റെയ്ന; വീണ്ടും ക്യാംപിലേക്ക്?

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി യുഎഇയിൽ എത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് റെയ്ന വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ തള്ളിയ റെയ്ന, ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിലേക്ക് തിരികെ പോയേക്കുമെന്നും സൂചന നൽകി. ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസ്സി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റെയ്നയുടെ തുറന്നുപറച്ചിൽ.

‘ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണ്. കുടുംബത്തിനു വേണ്ടിയാണ് ഞാൻ തിരികെ പോന്നത്. എന്റെ കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സും എന്റെ കുടുംബം തന്നെയാണ്. മഹി ഭായി (മഹേന്ദ്രസിങ് ധോണി) എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആളാണ്. അതുകൊണ്ടുതന്നെ സീസൺ ഉപേക്ഷിച്ച് മടങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു’ – റെയ്ന വെളിപ്പെടുത്തി.

‘ചെന്നൈ സൂപ്പർ കിങ്സും ഞാനുമായി പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. 12.5 കോടി രൂപ കിട്ടുന്ന അവസരം തക്കതായ കാരണം കൂടാതെ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? ഞാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു എന്നത് സത്യമാണ്. പക്ഷേ, ഞാൻ ഇപ്പോഴും ചെറുപ്പമാണെന്ന് മറക്കരുത്. ഇനിയും നാലോ അഞ്ചോ വർഷം ഐപിഎല്ലിൽ കളിക്കാനാകുമെന്നാണ് ഞാൻ കരുതുന്നത്’ – റെയ്ന വിശദീകരിച്ചു.

ചെന്നൈ സൂപ്പർ കിങ്സിലെ ഭാവിയേക്കുറിച്ചുള്ള ചോദ്യത്തിന് റെയ്നയുടെ മറുപടി ഇങ്ങനെ:

‘ഇന്ത്യയിൽ തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുമ്പോൾ പോലും ഞാൻ പരിശീലനം മുടക്കിയിട്ടില്ല. എന്നെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽ കണ്ടേക്കുമോയെന്ന് ആർക്കറിയാം’ – റെയ്ന പ്രതികരിച്ചു.

ബയോ സെക്യുർ ബബ്ളിനുള്ളിലെ കടുത്ത നിയന്ത്രണങ്ങളു മടക്കത്തിനു കാരണമായെന്ന റിപ്പോർട്ടുകളെക്കുറിച്ചും റെയ്ന പ്രതികരിച്ചു. ‘എല്ലാ കളിക്കാരെയും സുരക്ഷിതരാക്കാൻ വളരെ ശ്രമകരമായ ജോലിയാണ് ബിസിസിഐയും സിഎസ്കെ ടീം മാനേജ്മെന്റും ചെയ്യുന്നത്. ഇത് എല്ലാവർക്കും പുതിയൊരു അനുഭവമാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഞങ്ങളെല്ലാവരും മറ്റൊരാളുമായും സമ്പർക്കമില്ലാതെ സ്വന്തം റൂമിലാണ് കഴിഞ്ഞത്. രണ്ടു ദിവസം കൂടുമ്പോൾ പരിശോധനയുണ്ടായിരുന്നു’ – റെയ്ന വിശദീകരിച്ചു.

‘കുടുംബത്തെക്കുറിച്ചുള്ള ഓർമകളാണ് സത്യത്തിൽ എന്നെ വലച്ചത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെന്തു ചെയ്യും എന്നായിരുന്നു എന്റെ വിഷമം. എന്നെ സംബന്ധിച്ച് കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അവരെക്കുറിച്ച് എനിക്ക് കരുതലുണ്ട്. 20 ദിവസത്തോളം ഞാൻ എന്റെ കുഞ്ഞുങ്ങളെ കണ്ടിട്ടുപോലുമില്ല. ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും ക്വാറന്റീനിലായതിനാൽ അവരെ ഇപ്പോലും കാണാനായിട്ടില്ല’ – റെയ്ന പറഞ്ഞു.

പഞ്ചാബിലെ പഠാൻകോട്ടിൽ പിതൃസഹോദരിയുടെ കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും റെയ്ന പ്രതികരിച്ചു. വളരെ ഭീകരമായ അനുഭവമാണ് അവർക്കുണ്ടായതെന്ന് റെയ്ന ചൂണ്ടിക്കാട്ടി.

‘പഠാൻകോട്ടിലുണ്ടായ അനുഭവം ഭീകരമാണ്. കുടുംബത്തിലെ ആർക്കും അത് താങ്ങാനായില്ല. അതുകൊണ്ടുതന്നെ നാട്ടിലേക്ക് തിരിച്ചുവന്ന് എല്ലാവരെയും ശ്രദ്ധിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. തിരിച്ചെത്തിയെങ്കിലും ക്വാറന്റീനിലായതിനാൽ ഇതുവരെ ആരെയും കാണാൻ കഴിഞ്ഞിട്ടില്ല. ക്വാറന്റീൻ കഴിഞ്ഞിട്ട് വേണം കുടുംബാംഗങ്ങളെ പോയി കാണാൻ’ – റെയ്ന പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7