തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപൂരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്നതിനിടെ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കു–പടിഞ്ഞാറന്‍ മേഖലയിലാണു തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു
ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്–വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്കും കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്തിനു 390 കിലോമീറ്റര്‍ തെക്ക്‌തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദം ആകുകയും ചെയ്യുമെന്നാണു നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍നിന്നു 2.5 3.8 മീറ്റര്‍ വരെയും ഉയരും. തെക്കന്‍ കേരളത്തില്‍ ഈ മാസം 15 വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്ലാ പോര്‍ട്ടുകളിലും ഹാര്‍ബറുകളിലും സിഗ്‌നല്‍ നമ്പര്‍ 3 ഉയര്‍ത്തുക, കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുക്കുക, തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7