തിരുവനന്തപുരം: ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നു സംസ്‌ഥാനത്തു പ്രതിഷേധം സംസ്‌ഥാനത്ത് അലയടിക്കുമ്പോള്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു വിലക്കുണ്ടായത്.
കോവിഡ് കണക്കുകള്‍ അറിയിക്കാന്‍ പതിവായി വൈകിട്ട് ആറു മണിക്കായിരുന്നു മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നത്. എന്നാല്‍ ഇന്നലെ നാലു മണിക്കായിരുന്നു പത്രസമ്മേളനം വിളിച്ചത്. പി.എസ്.സി റാങ്ക് ലിസ്‌റ്റ് റദ്ദായതിനെത്തുടര്‍ന്നുള്ള ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ, ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പ്രതികരണമുണ്ടാകുമെന്നു മാധ്യമപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍ സംസ്‌ഥാനത്ത് പുതുതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും ഭരണനേട്ടങ്ങളെ കുറിച്ചുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇന്നലെ കോവിഡ് കണക്കുകളും മുഖ്യമന്ത്രി നല്‍കിയില്ല.
” ഇതൊരു പ്രത്യേക വാര്‍ത്താ സമ്മേളനമാണ്. ഇതിന്റെ ഭാഗമായി പ്രത്യേക ചോദ്യോത്തരങ്ങളൊന്നും ഉദ്ദേശിക്കുന്നില്ല. ഇവിടെ അവസാനിപ്പിക്കുകയാണ്. മറ്റുകാര്യങ്ങള്‍ നമുക്ക് പിന്നീടാകാമെന്ന്” പറഞ്ഞ് അദേഹം ഓണാംശസകള്‍ നേര്‍ന്ന് മടങ്ങുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കാണുമ്പോള്‍ തോന്നുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കള്ളത്തരങ്ങള്‍ കയ്യോടെ പിടിക്കപ്പെടുകയും, സ്വന്തം ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെ വിഹാര രംഗമായി മാറിയെന്ന വിവരം പുറത്തു വരികയും ചെയ്യുമ്പോള്‍ ആര്‍ക്കും സമനില തെറ്റാം. വീഴ്‌ചകളും അഴിമതിയും തുറന്നു പറയുന്നവര്‍ക്ക് വിഭ്രാന്തിയാണെന്ന് തോന്നുകയും ചെയ്യാം. വിഭ്രാന്തിയുള്ളവര്‍ ഒരിക്കലും തനിക്കാണ് വിഭ്രാന്തിയെന്ന് പറയാറില്ലല്ലോ? മറ്റുള്ളവര്‍ക്ക് വിഭ്രാന്തിയാണെന്നേ പറയാറുള്ളൂ. ആ സ്‌ഥിതിയാണ് മുഖ്യമന്ത്രിക്കെന്നൂഗ അദേഹം പറഞ്ഞു.