സ്വര്‍ണക്കടത്ത് മുരളീധരനെതിരായ സംശയം ശക്തിപ്പെടുന്നു, ബിജെപി മറുപടി പറയണം സി.പി.എം.

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ ബി.ജെ.പി. ചാനലിന്റെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍നമ്പ്യാരുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ സംശയം ശക്തിപ്പെടുത്തുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.

അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. നയതന്ത്ര ബാഗേജല്ലെന്നു പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളിധരന്‍ ഇതേ നിലപാടാണു സ്വീകരിച്ചിരുന്നത്.
നയതന്ത്ര ബാഗേജാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയാറാകാത്തതും ശ്രദ്ധേയമാണ്. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപ്പകര്‍പ്പുകളെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ പുറത്തുവന്നിട്ടുള്ള പാര്‍ട്ടി ബന്ധം സംബന്ധിച്ച് നിലപാടു വ്യക്തമാക്കാന്‍ ബി.ജെ.പി. നേതൃത്വം തയാറാകണം. ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുകയാണ്. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ജനം ടി.വി. കോ- ഓര്‍ഡിനേറ്റിങ് എഡിറ്ററുടെ ബന്ധവും പുറത്തുവന്നതോടെനിലപാട് വ്യക്തമാക്കാതെ ബി.ജെ.പി. നേതൃത്വത്തിനു കൈകഴുകാനാകില്ല. ജനം ടി.വിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണപ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോകില്ല.

ചോദ്യംചെയ്യല്‍ കഴിഞ്ഞയുടന്‍തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നു വ്യക്തമാണെന്നും സി.പി.എം. സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7