ചെന്നൈ: ആത്മീയ അന്വേഷണത്തിന്റെ ഭാഗമായെത്തിയ വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമിക്ക് കണക്കിന് കിട്ടി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ആയോധന കലയില്‍ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കിയ ശേഷം, പൊലീസിന് കൈമാറി.
തിരുവണ്ണാമലൈ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗമായാണ് അമേരിക്കന്‍ പൗരയായ മുപ്പതുകാരി കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്ര നഗരിയില്‍ എത്തിയത്. ലോക്ഡൗണ്‍ വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. ആത്മീയതയില്‍ അതീവ താല്പര്യമുള്ള യുവതി രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം വീടിനു പുറത്തു നില്‍കുമ്പോള്‍ കഷായ വസ്ത്രങ്ങളും നിറയെ രുദ്രാക്ഷ മാലകളും അണിഞ്ഞ യുവാവ് യുവതിയെ ആക്രമിച്ചു.
വാടക വീടിനുളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ആയിരുന്നു ശ്രമം. തുടക്കത്തിലെ അമ്പരപ്പ് മാറിയ യുവതി അതിക്രമം ചെറുത്തു. ആയോധന കലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തില്‍ യുവാവിന് സാരമായി പരുക്കേറ്റു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ആയ യുവാവിനെ പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറി.
സ്വാമിയാണന്ന് സ്വയം പ്രഖ്യാപിച്ചു ക്ഷേത്രത്തിനു സമീപം കഴിയുന്ന നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.