താന്‍ ഇല്ലാത്തപ്പോഴും നിരവധി തവണ സ്വപ്‌ന സെക്രട്ടേറിയറ്റിലെത്തി; നിര്‍ണായക മൊഴിയുമായി ശിവശങ്കര്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാതെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു കേന്ദ്ര ഏജൻസികൾ മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് വഴി നടന്ന അവലോകന യോഗത്തിൽ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയാണു ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതിന്റെ ആവശ്യം അടിവരയിടുന്നത്. താൻ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫിസിൽ ഇല്ലാതിരുന്ന ദിവസങ്ങളിലും സ്വപ്ന സുരേഷും പി.എസ്.സരിത്തും പലതവണ അവിടെ സന്ദർശിച്ചിട്ടുണ്ടെന്നാണ് ശിവശങ്കർ നൽകിയ മൊഴി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം ഈ മൊഴി സ്ഥിരീകരിച്ചിട്ടുണ്ട്.

താനില്ലാത്തപ്പോൾ ആരെക്കാണാനാണു സ്വപ്നയും സരിത്തും എത്തിയതെന്ന് അറിയില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ശിവശങ്കറുമായി മാത്രമേ തങ്ങൾക്കു വ്യക്തിബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ക്യാമറ ദൃശ്യങ്ങൾ കാണിച്ചു പ്രതികളെ ചോദ്യം ചെയ്താൽ വസ്തുതകൾ പുറത്തുവരുമെന്നാണു കേന്ദ്ര ഏജൻസികളുടെ പ്രതീക്ഷ.

അതേസമയം സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാൻ കേരള പൊലീസ് ശ്രമം തുടങ്ങി. എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയ കേസിലും ഐടി വകുപ്പിൽ ജോലി നേടാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിച്ച കേസിലും ചോദ്യം ചെയ്യാനാണിത്. വ്യാജപരാതി കേസ് ക്രൈംബ്രാഞ്ചും വ്യാജ ഡിഗ്രി കേസ് ലോക്കൽ പൊലീസുമാണ് അന്വേഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular