കോവിഡ് ഭീതിയിലാണ് ദൈനംദിന കാര്യങ്ങള്‍ എല്ലാവരും ചെയ്യുന്നത്. വൈറസ് ബാധിക്കാത്ത രീതിയില്‍ സുരക്ഷിതമായി ജീവിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. രോഗപ്രതിരോധ ശേഷി കൂട്ടുന്ന ആഹാരങ്ങള്‍ കഴിക്കാനും ശാരീരിക ക്ഷമത ഉറപ്പ് വരുത്താനുമാണ് എല്ലാവരും ശ്രമിക്കുന്നത്. സ്പാനിഷ് ഫ്‌ളൂവിനെ നിയന്ത്രിച്ചതു പോലെ കൊവിഡ് 19നെയും പിടിച്ചുകെട്ടുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മേധാവി ട്രെഡോസ് അദാനോം കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസിനെ പിടിച്ചുകെട്ടുമെന്ന ലോകാരോഗ്യ സംഘടനയുടെ വാദത്തെ എതിര്‍ക്കുകയാണ് യു.കെയിലെ ശാസ്ത്രജ്ഞന്‍. യു.കെ ശാസ്ത്രജ്ഞനായ മാര്‍ക്ക് വാള്‍പോര്‍ട്ടാണ് തന്റെ നിഗമനങ്ങളുമായി രംഗത്ത് വന്നത്. കോവിഡ് മനുഷ്യരുടെ കൂടെ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നാണ് യു.കെ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗം കൂടിയായ മാര്‍ക്ക് വാള്‍പോര്‍ട്ട് പറയുന്നത്. ” കോവിഡ് 19 ഒരു വാക്‌സിന്‍ കൊണ്ട് മാറ്റാനാകില്ല. കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ നടത്തിയാല്‍ മാത്രമേ ഈ രോഗത്തെ പിടിച്ചുനിറുത്താനാകൂ.” ബിബിസിയുടെ റേഡിയോ 4 നോട് സംസാരിക്കവേ വാള്‍പോര്‍ട്ട് പറഞ്ഞു.
അതേസമയം കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഹോങ്കോങ്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി.
എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത്തരത്തില്‍ ഒരു സംഭവം അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാള്‍ സ്‌പെയിനില്‍ നിന്നു തിരികെ എത്തവേ വിമാനത്താവളത്തില്‍ സക്രീനിങ്ങിനിടെ നടന്ന സലൈവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
23 മില്യന്‍ കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. ഒരിക്കല്‍ കൊറോണ വൈറസ് ബാധ ഉണ്ടായ ആളുകളില്‍ വൈറസിനെതിരെയുള്ള പ്രതിരോധം രൂപപ്പെടുകയും ഇത് വീണ്ടും രോഗം വരുന്നത് തടയുകയും ചെയ്യും. ഏറ്റവും മോശമായി രോഗം ബാധിച്ചവരിലാണ് ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടുക. എന്നാല്‍ എത്രത്തോളം ശക്തമാണ് ഈ രോഗപ്രതിരോധശേഷിയെന്നും എത്ര കാലത്തോളം ഇത് നിലനില്‍ക്കുമെന്നും വ്യക്തമല്ല. രോഗം വന്ന് ഭേദമായവരില്‍ കൂടുതല്‍ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇതില്‍ വ്യക്തമായ നിഗമനത്തില്‍ എത്താന്‍ സാധിക്കൂവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്നതിന് വളരെ അപൂര്‍വമായ ഒരു ഉദാഹരണമാണ് ഈ കേസെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ മൈക്രോബിയല്‍ പാത്തോജെനിസിസ് പ്രൊഫസര്‍ ബ്രന്‍ഡന്‍ റെന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കരുത്. കാലക്രമത്തില്‍ വൈറസിന് സ്വഭാവിക പരിവര്‍ത്തനം ഉണ്ടാകുമെന്നു തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.