കോവിഡ് ബാധിച്ച കേന്ദ്ര ആയുഷ് മന്ത്രിയുടെ നില ഗുരുതരം; എയിംസില്‍ നിന്ന് വിദഗ്ധ സംഘം ഗോവയിലെത്തി

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിന്റെ ആരോഗ്യനില മോശമായി. തിങ്കളാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുതുടങ്ങിയെന്നും ഡല്‍ഹി എയിംസില്‍നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
പ്രതിരോധം, ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ശ്രീപാദ് നായിക്ക്. 10 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകണോ എന്നകാര്യം തിങ്കളാഴ്ച ഗോവയിലെത്തിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ലെ ഡോക്ടര്‍മാരാവും തീരുമാനിക്കുക.

കേന്ദ്രമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ മുതല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു തുടങ്ങിയെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍ത്ത് ഗോവയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ശ്രീപാദ് നായിക്ക്. ഓഗസ്റ്റ് 12 ന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും സ്വയം നിരീക്ഷണത്തില്‍ കഴിയാനാണ് അധികൃതര്‍ ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular