ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്. ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികളും ആലോചനയിലുണ്ടെന്ന് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് തുറന്നടിച്ചു. സൈനിക നടപടികളും ആലോചനയിലുണ്ട്. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഇതേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ദൗർബല്യമായി കാണേണ്ടതില്ലെന്നും പാംഗോങ് മേഖലയിൽ നിന്നും പിൻമാറാൻ യാതൊരു ശ്രമവും നടത്താത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടി സംയ്കുത സേനാമേധാവി പറഞ്ഞു.
അതിർത്തിയിൽ സമാധാനാന്തരീക്ഷം സാധ്യമാക്കണമെന്ന് ഇന്ത്യ – ചൈന നയതന്ത്രതല ചർച്ചയിൽ ധാരണയായിട്ടും തണുപ്പൻ സമീപനം തുടരുന്ന ചൈനയ്ക്കെതിരെയുള്ള ശക്തമായ താക്കീതായാണ് ബിപിൻ റാവത്തിന്റെ പ്രസ്താവനയെ ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രണ്ട് സൈന്യങ്ങൾ തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ മാത്രമേ സൈനിക മാർഗം പരിഗണിക്കുവെന്നും ബിപിൻ റാവത്ത് പറഞ്ഞു. യഥാർഥ നിയന്ത്രണ രേഖയിൽ സംഘർഷങ്ങൾ സംഭവിക്കുന്നത് അതിർത്തി മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് തന്നെയാണ്. കൃത്യമായി അതിർത്തി നിശ്ചയിക്കാൻ സാധിക്കാത്ത നിരവധി പ്രദേശങ്ങൾ നമുക്കുണ്ട്. അത്തരം പ്രദേശങ്ങളിൽ ചർച്ച തന്നെയാണ് പ്രശ്ന പരിഹാരത്തിനുള്ള പ്രധാന മാർഗം. ചർച്ചകളിലുടെ പിൻമാറ്റം തീരുമാനിക്കൽ തന്നെയാണ് ഉചിതവും.
തൽസ്ഥിതി പുനഃസ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയാർ– ജനറൽ റാവത്ത് പറഞ്ഞു. പ്രതികൂല കാലാവസ്ഥലയിലും നിയന്ത്രണ രേഖയിൽ സ്ഥാനം ഉറപ്പിക്കാൻ സൈന്യത്തിനു കഴിയുമെന്നും ജനറൽ റാവത്ത് പറഞ്ഞു. അതിർത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള സൈനിക മാർഗം ഇന്ത്യൻ സൈന്യത്തിന്റെ മുന്നിൽ തന്നെയുണ്ട്– സംയുക്ത സേനാമേധാവി പറഞ്ഞു. എന്നാൽ ഏതൊക്കെ സാധ്യതകളാണ് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
അതിർത്തി സംഘർഷം പരിഹരിക്കുന്നതിൽ ചൈനീസ് സൈന്യം എടുക്കുന്ന നടപടികൾ ഗൗരവതരമല്ലെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു. യഥാർഥ നിയന്ത്രണരേഖയിലെ തൽസ്ഥിതി ചൈന സ്ഥിരമായി മാറ്റുന്നതും സമീപ ഭാവിയിലൊന്നും തന്നെ അതിർത്തി തർക്കം രമ്യമായി പരിഹരിക്കാൻ ചൈനയ്ക്ക് താത്പര്യമില്ലെന്നതിന്റെ സൂചനയായി തന്നെയാണ് ഇന്ത്യൻ സേന വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സൈനിക മാർഗത്തെ കുറിച്ചുള്ള സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയാകുന്നതും.