കൊറോണ വൈറസില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ശരിയായി മാസ്‌ക് ധരിക്കുക എന്നതാണ്. എന്നാല്‍ പലരും മാസ്‌ക് ധരിക്കുന്നത് ശരിയായ വിധത്തിലാണോ? പുറത്തു പോകുമ്പോഴും മറ്റും പേരിനു മാസ്‌ക് ധരിക്കുമെങ്കിലും നന്നായി ശ്വാസമെടുക്കാനോ ആരോടെങ്കിലും സംസാരിക്കാനോ ഒക്കെ മാസ്‌ക് ഒരല്‍പം താഴ്ത്തി വയ്ക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ ഒരൊറ്റ പ്രവൃത്തി മതി കൊറോണ വൈറസ് പിടികൂടാന്‍.
ജേണല്‍ സെല്‍ നടത്തിയ പഠനത്തില്‍ പറയുന്നത് വൈറസ് വ്യാപനം ഏറ്റവും വേഗത്തില്‍ നടക്കാന്‍ സാധ്യത ഒരാളുടെ മൂക്കിലൂടെ ആണെന്നാണ്. അതുകൊണ്ടു തന്നെ ഈ ‘ഹാഫ് മാസ്‌ക് ഹാബിറ്റ്’ നിങ്ങളെ വലിയ അപകടത്തിലാക്കിയേക്കാം.
തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ വൈറസ് പടരാനുള്ള സാധ്യത മൂക്കിലൂടെ ആണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. മറ്റൊരാള്‍ക്ക് രോഗം പടര്‍ത്താനും ഈ ‘ഹാഫ് മാസ്‌ക് ‘ ശീലം കാരണമാകും എന്നു കൂടി ഓര്‍ക്കുക. അതിനാല്‍ മാസ്‌ക് എങ്ങനെയെങ്കിലും വയ്ക്കുക എന്നതല്ല, ശരിയായ രീതിയില്‍ കൃത്യമായി ഉപയോഗിക്കുക എന്നതാണ് കാര്യം.