തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രി അധികാരമേറ്റെടുത്തതിനു പിന്നാലെ പറഞ്ഞു, അവതാരങ്ങളെ ഒരിക്കലും അംഗീകരിക്കില്ല, ഇത് അവതാരങ്ങള്‍ക്ക് അതീതമായ സര്‍ക്കാരാണെന്ന്. സ്വപ്ന ഒരു അവതാരമാണ്. റെജി പിള്ള, പ്രതാപ് മോഹന്‍ നായര്‍ അങ്ങനെ പിഡബ്ല്യുസിയില്‍ രണ്ട് അവതാരങ്ങള്‍ ഉണ്ട്. ഇടതു നിരീക്ഷകന്‍ എന്ന പേരില്‍ ടിവി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റെജി ലൂക്കോസ് എന്നൊരു അവതാരം കൂടിയുണ്ട്. സൂസന്‍ ജോണ്‍സ് സൂറി എന്നുപേരുള്ള സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ളയാളും ഇബസ് പദ്ധതിയുമായി വന്നു പെട്ടിട്ടുണ്ട്. സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരുകൂടി പറയാനുണ്ട്. ഈ അവതാരങ്ങളുടെ നടുവിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി.
സതീശന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നില്ല. ഇവിടെ ഒരു കണ്‍സല്‍ട്ടന്‍സി രാജാണ്. എല്ലാത്തിനും ഉപദേഷ്ടാക്കന്‍മാരാണ്. സ്വിസ് കമ്പനിക്ക് നമ്മുടെ ഇ ബസ് വില്‍ക്കുന്നതിന് തീരുമാനമെടുത്തു. വിവാദമായപ്പോള്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന പേരില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇല്ലായിരുന്നുവെങ്കില്‍ 2400 കോടി രൂപ സംസ്ഥാനത്തുനിന്നു പുറത്തേക്ക് ഒഴുകുമായിരുന്നു.
ഖജനാവില്‍നിന്ന് ശമ്പളം വാങ്ങുന്നയാള്‍ മാധ്യമപ്രവര്‍ത്തകയെക്കുറിച്ചു മോശമായി പറഞ്ഞു. പിആര്‍ഡി വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതു ശരിയല്ലെന്ന വാക്കെങ്കിലും പറഞ്ഞ് പ്രസ് സെക്രട്ടറിയെ തടയേണ്ടതായിരുന്നില്ലേ?’ തിരുവഞ്ചൂര്‍ ചോദിച്ചു.