ആറന്മുള വള്ളംകളിക്ക് ഇത്തവണ ഒരു പള്ളിയോടം മാത്രം

ആറന്മുള വള്ളംകളിക്ക് ഇത്തവണ ഒരു പള്ളിയോടം മാത്രം. എല്ലാ കരകളിൽ നിന്നുള്ള പ്രതിനിധികൾ അനുമതി ലഭിച്ച പള്ളിയോടത്തിൽ പങ്കാളികളാകും
ഒരു പള്ളിയോടത്തിന് ആറന്മുളയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ച സാഹചര്യം കരകളുടെ കൂട്ടായ്മയാക്കാൻ പള്ളിയോട സേവാസംഘം. എല്ലാ പള്ളിയോട കരകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി , അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലഭ്യമായ അനുമതിയുടെ അടിസ്ഥാനത്തിൽ നടത്തും. നിലയാളും തുഴക്കാരും അമരക്കാരുമായി ആകെ 24 പേർക്കാണ് പള്ളിയോടത്തിൽ കയറുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. മൂന്ന് ചടങ്ങുകളിലും ഓരോന്നിലും ഓരോ മേഖലയിൽ നിന്നുള്ള എല്ലാ കരക്കാരും പങ്കാളികളാകും. തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോടക്കരയിലെ 6 പേർക്കാണ് ആ പള്ളിയോടത്തിൽ കയറാൻ കഴിയുന്നത്. ബാക്കി 18 പേർ മറ്റ് കരകളിൽ നിന്നായിരിക്കും. . തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നീ മൂന്ന് ചടങ്ങുകളിലായി എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീഡിയോ കോൺഫറൻസ് വഴി നടത്തിയ പൊതുയോ​ഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇതാദ്യമായാണ് പള്ളിയോട സേവാസംഘം പൊതുയോ​ഗം വീഡിയോ കോൺഫറൻസ് വഴി നടത്തിയത് എഴുപതോളം പേർ യോ​ഗത്തിൽ പങ്കെടുത്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി ആർ രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ജി വെൺപാല, ജോയിന്റ് സെക്രട്ടറി വി വിശ്വനാഥ പിള്ള എന്നിവർ പങ്കെടുത്തു.

തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ, എന്നിവയിൽ ഒന്നിലും കാണികളായോ വഴിപാടുകാരായോ ഭക്തജനങ്ങൾക്കോ മറ്റ് പൊതുജനങ്ങൾക്കോ ആർക്കും പ്രവേശനമില്ല. അത്തരത്തിൽ കൂട്ടം കൂടുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ദുരന്ത നിവാരണ വിഭാ​ഗം നേരത്തേ തന്നെ അറിയിച്ചിട്ടുള്ളതിനാൽ എല്ലാ പള്ളിയോട കരകളും അത് പാലിക്കണമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കരനാഥൻമാരെ അറിയിച്ചു.

വിഭവസമാഹരണം ഇല്ല
അഷ്ടമിരോഹിണി വള്ളസദ്യ ചടങ്ങ് മാത്രമായി നടത്തുന്നതിനാൽ സദ്യ ഒരുക്കുന്നതിനാവശ്യമായ വിഭവ സമാഹരണം നടത്തേണ്ടെന്നാണ് പള്ളിയോട സേവാസംഘം തീരുമാനം. രോ​ഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ. വഴിപാട് വള്ളസദ്യ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തിൽ ഒരു യോ​ഗം കൂടി നടത്തിയ ശേഷം തീരുമാനിക്കും.

Similar Articles

Comments

Advertismentspot_img

Most Popular