ഒരു ലക്ഷം കോളുകള്‍ പരിശോധിച്ചു; മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റിലേക്ക് നയിച്ചു

ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. മൊഴികളിലെ വൈരുധ്യവും വിനയായി. അതാണു സൂരജിന്റെ അമ്മ രേണുകയുടെയും സഹോദരി സൗമ്യയുടെയും അറസ്റ്റിലെത്തിച്ചത്.

വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ താൻ വീട്ടിനുള്ളിൽ വച്ച് കടിപ്പിച്ചതാണെന്ന് സൂരജ് മൊഴി നൽകി. ഇതോടെ മൊഴി മാറ്റി. അണലി കടിച്ച ശേഷം മൂന്നര മണിക്കൂർ കഴിഞ്ഞാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചത്. സൂരജിനെ പോലെ ഉത്രയെ ആശുപത്രിയിലെത്തിക്കാൻ വീട്ടുകാരും തിടുക്കം കാട്ടിയില്ലെന്നും പൊലീസ് കണ്ടെത്തി.

ഉത്രയുടെ സ്വർണവും പണവും സംബന്ധിച്ച ചോദ്യങ്ങളിലും ഒഴിഞ്ഞുമാറ്റ നിലപാടായിരുന്നു ബന്ധുക്കൾക്ക്. ഉത്രയെ കൊലപ്പെടുത്തും മുൻപ് തന്നെ സ്വർണാഭരണങ്ങൾ സൂരജ് ലോക്കറിൽ നിന്നും മാറ്റി. പിന്നീട് വീട്ടുകാർക്ക് കൈമാറി. സ്വർണം തങ്ങളുടെ പക്കൽ ഇല്ലെന്ന് വരുത്താൻ വീട്ടു പുരയിടത്തിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ടു. സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ട വിവരം പൊലീസ് അറിയുന്നത്. കുഴിച്ചിട്ട സ്ഥലം സുരേന്ദ്രൻ മറന്നു പോയെങ്കിലും രേണുക സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തു. ഇതോടെ സംശയം ബലപ്പെട്ടു.എന്നാൽ കൊലപാതകത്തിൽ സൂരജിനൊഴികെ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ഒരു ലക്ഷത്തിലേറെ ഫോൺ വിളികളുടെ വിശദാംശങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചെങ്കിലും കൊലപാതകവുമായി ഇവരെ ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചില്ല.

ഉത്രയുടെ മാതാപിതാക്കൾ ഒട്ടേറെ തെളിവുകൾ നൽകിയതും അറസ്റ്റിനു വഴിവച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകൻ, എസ്ഐ: ഡി.രമേശ്കുമാർ, എഎസ്ഐമാരായ ആശിഷ് കോഹൂർ, സി.മനോജ്കുമാർ, ജെ.എം.മിർസ, സിവിൽ പൊലീസ് ഓഫിസർമാരായ അഖിൽ‌ പ്രസാദ്, മിനി, ടി.ഷീബ എന്നിവരാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7