50 വയസ്സുകാരിയെ പിഡിപ്പിക്കുന്നതിന്റെ വിഡിയോ കണ്ട് വിറങ്ങലിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബിഹാറിലെ പാറ്റ്‌നയില്‍ രണ്ടാഴ്ച മുന്‍പാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയും. ലൈംഗികാതിക്രമത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അക്രമത്തിന് ഇരയായ സ്ത്രീയെ പൊലീസ് കണ്ടെത്തിയത്. ഭയന്നാണ് അക്രമത്തില്‍ പരാതി നല്‍കാതിരുന്നെന്നായിരുന്നു സ്ത്രീയുടെ പ്രതികരണം.
ഗൗരിചാക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലുുള്ള ഗ്രാമത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് വിഡിയോ പൊലീസ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് സമീപിക്കുകയായിരുന്നു. അദ്ദേഹമാണ് സ്ത്രീയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കുമാര്‍ മണ്ഡാല്‍ പറഞ്ഞു. ‘ടൗണില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്ത്രീ. ഓട്ടോറിക്ഷ കാത്ത് നില്‍ക്കുമ്പോള്‍ ബൈക്കില്‍ വന്ന ഒരാള്‍ ഗ്രാമത്തില്‍ വിടാമെന്ന് പറയുകയായിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ ബൈക്കില്‍ കയറി. എന്നാല്‍ പോകുന്ന വഴിക്ക് അയാള്‍ നിരവധിപേരെ ഫോണില്‍ വിളിച്ചു. ഗ്രാമത്തിലേക്ക് എത്തിക്കുന്നതിനു പകരം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ആറ് പേര്‍ കൂടിയുണ്ടായിരുന്നു എന്നും സ്ത്രീ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ‘നാലുപേര്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു. അതില്‍ മൂന്നു പേര്‍ ഓടിപ്പോയി. കൂട്ടത്തില്‍ ഒരാള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.’ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു.
പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരയായ സ്ത്രീ സ്റ്റേഷനിലെത്തി പരാതി നല്‍കി. പ്രതികളില്‍ ഒരാളുടെ പേര് അതിക്രമത്തിന് ഇരയായ സ്ത്രീക്ക് അറിയാം. അത് അയാളെ കണ്ടെത്താന്‍ സഹായകമാകും. സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന നാണക്കേടോര്‍ത്താണ് പരാതിപ്പെടാതിരുന്നതെന്നും സ്ത്രീ പറഞ്ഞതായും പൊലീസ് അറിയിച്ചു. അതുകൊണ്ടു തന്നെ ഇക്കാര്യം സ്ത്രീ കുടുംബത്തെ പൊലും അറിയിച്ചിട്ടില്ല.