പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പുമായി ഗൂഗിള്‍. ഇമെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങിയതോ ഗൂഗിള്‍ പ്ലേ മ്യൂസിക്കിലേക്ക് അപ്‌ലോഡ് ചെയ്തതോ ആയ ഗാനങ്ങളും അതുപോലെ ട്രാക്കുകള്‍, പ്ലേ ലിസ്റ്റുകള്‍, റേഡിയോ സ്‌റ്റേഷനുകള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാനുമുള്ള സൗകര്യമുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറിയിലേക്കും ഡാറ്റയിലേക്കും പ്രവേശനാനുമതി നഷ്ടപ്പെടുന്നതിന് മുമ്പ് കമ്പനി അവരെ അറിയിക്കും. ഗൂഗിള്‍ പ്ലേയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ നീക്കം ചെയ്യാനുള്ള സൗകര്യവുമുണ്ട്.
അഞ്ച് കോടിയിലധികം ഒറിജിനല്‍ ട്രാക്കുകളും ആല്‍ബങ്ങളും യൂട്യബ് മ്യൂസിക്കിലുണ്ട്. ഇത് കൂടാതെ തത്സമയ പ്രകടനങ്ങള്‍, റീമിക്‌സുകള്‍ പോലുള്ള ശ്രേണിയില്‍ പെട്ട ഗാനങ്ങളും ഇതിലുണ്ട്. ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ നിന്ന് വാങ്ങിയ പാട്ടുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാന്‍ സാധിക്കുന്നതോടൊപ്പം ഒരുലക്ഷം പാട്ടുകള്‍ ഉപയോക്താക്കള്‍ക്ക് സ്വന്തം ലൈബ്രറിയില്‍ ചേര്‍ക്കാം. ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ 50000 ട്രാക്കുകള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്.
യൂട്യൂബ് മ്യൂസികിന്റെ വരിക്കാരായവര്‍ക്ക് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പശ്ചാത്തലത്തില്‍ കേള്‍ക്കാനുമെല്ലാം സാധിക്കും. ഗൂഗിള്‍ പ്ലേ മ്യൂസികിന്റെ അതേ നിരക്കുകള്‍ തന്നെയാണ് യൂട്യൂബ് മ്യൂസിക്കിനും. വരിക്കാരല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സേവനം ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.