ഇന്ത്യക്കാരിയുമായി പാക് താരത്തിന്റെ ഡേറ്റിങ് പ്ലാന്‍; എല്ലാം തകര്‍ത്ത് ധോനിയുടെ ഒരു സിക്‌സര്‍

ന്യൂഡൽഹി: കരിയറിന്റെ തുടക്ക കാലത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് പാകിസ്താൻ ബൗളർമാരായിരുന്നു. വിശാഖപട്ടണത്ത് പാകിസ്താനെതിരേ നേടിയ 148 റൺസിന്റെ ഇന്നിങ്സായിരുന്നു ധോനിയുടെ കരിയറിലെ വഴിത്തിരിവ്. വൈറ്റ് ബോൾ സ്പെഷലിസ്റ്റ് എന്ന വിമർശകരുടെ വായടപ്പിച്ച് 2006-ൽ ധോനിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി പിറന്നതും പാകിസ്താനെതിരെയായിരുന്നു.

എന്നാൽ ഇതിനെല്ലാം മുമ്പ് ഇന്ത്യ എ ടീമും പാകിസ്താൻ എ ടീമും കെനിയയും തമ്മിൽ കെനിയയിൽ വെച്ചുതന്നെ നടന്ന ഒരു ത്രിരാഷ്ട്ര പരമ്പരയാണ് ധോനിയുടെ ഇന്ത്യൻ ടീമിലേക്കുള്ള വഴി എളുപ്പമാക്കിയത്. അന്നും പാകിസ്താൻ ടീം ധോനിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. രണ്ടു സെഞ്ചുറികളാണ് ധോനി ആ പരമ്പരയിൽ പാക് ടീമിനെതിരേ നേടിയത്. ആ ത്രിരാഷ്ട്ര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ധോനി തന്നെ.

എന്നാൽ ഇതിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാക് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ധോനി, ഒരു പാക് താരം ആശിച്ച് കിട്ടിയ ഡേറ്റിങ് അവസരവും നഷ്ടപ്പെടുത്തി.

ആ കഥയിതാ; 2004-ൽ കെനിയയിലെ നെയ്റോബിയിൽ നടന്ന ഒരു മത്സരത്തിനിടെയായിരുന്നു ഈ രസകരമായ സംഭവം. ഇന്ത്യ എ ടീമും പാകിസ്താൻ എ ടീമും തമ്മിലുള്ള മത്സരം. ധോനിയാകട്ടെ പാക് ബൗളർമാരെ കടന്നാക്രമിക്കുകയാണ്. ഇതിനാൽ തന്നെ ബൗണ്ടറി ലൈനിനരികിൽ തന്നെ പാക് ഫീൽഡർമാർക്ക് നിലയുറപ്പിക്കേണ്ടി വന്നു.

ഇത്തരത്തിൽ ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ഒരു പാക് താരം കൈയും കലാശവും കാട്ടി കളി കാണാനെത്തിയ ഒരു ഇന്ത്യൻ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. മത്സരത്തിനു ശേഷം ഡേറ്റിങ്ങിന് ക്ഷണിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടി സമ്മതിക്കുകയും ചെയ്തു. ധോനി നിർത്താതെ അടി തുടർന്നതിനാൽ ബൗണ്ടറി ലൈനിനടുത്ത് നിന്ന് ഈ താരത്തിന് മാറേണ്ടിയും വന്നില്ല. ഇതും അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കി

എന്നാൽ ധോനിയാകട്ടെ ഇതൊന്നുമറിയാതെ സിക്സറും ഫോറും യഥേഷ്ടം പറത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് നേരത്തെ പറഞ്ഞ പാക് താരത്തിന്റെ തലയ്ക്ക് മുകളിലൂടെ ധോനിയുടെ ഒരു സിക്സർ ഗാലറിയിൽ പതിച്ചത്. പിന്നാലെ ഒരു മെഡിക്കൽ സംഘം ഗാലറിയിലേക്ക് കുതിക്കുന്നതാണ് ആ പാക് താരം കണ്ടത്.

ധോനിയുടെ ആ സിക്സർ നേരെ പറന്നിറങ്ങിയത് പാക് താരം ഒരു വിധത്തിൽ വളച്ച ആ പെൺകുട്ടിയുടെ ദേഹത്തായിരുന്നു. പെൺകുട്ടിക്ക് പരിക്കേറ്റതോടെ പാക് താരത്തിന്റെ ഡേറ്റിങ് സ്വപ്നം തകർന്നു. കളി ജയിപ്പിച്ച് ഇന്ത്യയുടെ ഹീറോയായ ധോനി പക്ഷേ ഈ പാക് താരത്തെ സംബന്ധിച്ച് വില്ലനായി മാറുകയായിരുന്നു.

ദിനേഷ് കാർത്തിക്കിന് ടീം ഇന്ത്യയിലേക്കുള്ള വിളിയെത്തിയതോടെയാണ് ധോനിക്ക് ഇന്ത്യ എ ടീമിലേക്കുള്ള വഴി തുറന്നുകിട്ടിയത്. ആ ത്രിരാഷ്ട്ര പരമ്പരയിൽ കളിച്ച ആറ് ഇന്നിങ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 72.40 ശരാശരിയിൽ 362 റൺസാണ് ധോനി അടിച്ചുകൂട്ടിയത്. സീനിയർ ടീമിലേക്ക് ധോനി തിരഞ്ഞെടുക്കപ്പെട്ടതും ഈ പ്രകടനത്തോടെയായിരുന്നു.

pathram desk 1:
Related Post
Leave a Comment