ആദ്യഘട്ടത്തിൽ 50 ലക്ഷം ഡോസ് കോവിഡ് വാക്സീൻ; ആരോഗ്യപ്രവർത്തകർക്കും സൈനികർക്കും നൽകും

ന്യൂഡൽഹി : ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സീൻ ലഭ്യമാകുമ്പോൾ ആദ്യം ആരോഗ്യപ്രവർത്തകർക്കും സൈനികർക്കും മറ്റും ചില പ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും നൽകാൻ ആലോചന. ഇതിനായി ആദ്യഘട്ടത്തിൽ 50 ലക്ഷം ഡോസ് വാക്സീൻ ഉൽപാദിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പരീക്ഷണഘട്ടത്തിനു ശേഷമുള്ള വാക്സീന്റെ നിര്‍മാണവും വിതരണവും സംബന്ധിച്ച ചർച്ച സർക്കാർതലത്തിൽ പുരോഗമിക്കുകയാണ്.

ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും വാക്സീൻ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കുന്നുണ്ട്. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് എത്രയും വേഗം ലഭ്യമാകാൻ സാധിക്കുന്ന രീതിയിൽ വിതരണം വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ ആലോചന. ഒരേ സമയം ഒന്നിൽ കൂടുതൽ ഷോട്ടുകൾ വികസിപ്പിക്കാനാണ് ശ്രമമെന്ന് നിർമാതാക്കൾ സർക്കാരിനെ അറിയിച്ചതായാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വാക്സീന് വൻ ഡിമാൻഡായിരിക്കും ഉണ്ടാകുക.

നിതി ആയോഗ് അംഗവും വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവർ പ്രധാന വാക്സീൻ നിർമാണക്കമ്പനികളുമായി ചർച്ച നടത്തി. ഉൽപാദനശേഷി, വില, സർക്കാരിന് എങ്ങനെ പിന്തുണ നൽകാം തുടങ്ങിയവയെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു.

നിലവിൽ മൂന്നു വാക്സീനുകളാണ് ഇന്ത്യയിൽ പരീക്ഷണഘട്ടത്തിൽ ഉള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദനത്തിനു തയാറെക്കുന്ന ഓക്‌സ്‌ഫഡ് വാക്സീൻ വൈകാതെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങും. ഭാരത് ബയോടെക്, സൈഡസ് കാഡില എന്നിവയാണ് മറ്റു വാക്സീനുകൾ. ഇവ രണ്ടിന്റെയും ഒന്നാംഘട്ട പരീക്ഷണം ശുഭകരമാണ്. നിലവിലെ സൂചനകൾ പ്രകാരം ഓക്സ്ഫഡ് വാക്സീനായിരിക്കും ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്സീൻ.

pathram desk 1:
Related Post
Leave a Comment