കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നും പൊലീസ് നടപടിയില്‍ അപാകതയില്ലെന്നും കോടതി.
ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അല്ല മറിച്ച് ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ദിവസേന കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ചെന്നിത്തലയോട് കോടതി പറഞ്ഞു. സെല്ലുലാര്‍ കമ്പനികളെ കേസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ടവര്‍ ലൊക്കേഷന്‍ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പുതുതായി കാര്യങ്ങള്‍ എന്താണ് പറയുന്നതെന്നും കോടതിയുടെ ചോദ്യം.
രോഗികളുടെ മൊബൈല്‍ വിവരശേഖരണം മൗലികാവകാശ ലംഘനമാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ആവശ്യമില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. കൂടാതെ രോഗം സ്ഥിരീകരിച്ചതിന് മുന്‍പുള്ള 14 ദിവസത്തെ വിവരങ്ങള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.