ലൈഫ് മിഷൻ: ആരോപണ വിധേയൻ സ്വപ്നയ്ക്കൊപ്പം പുറത്താക്കപ്പെട്ടയാൾ

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന യുഎഇ കോൺസുലേറ്റിലെ ഖാലിദ് മുഹമ്മദ് അലി ഷൗക്രി സാമ്പത്തിക ക്രമക്കേട് നടത്തിയതിനു സ്വപ്നയ്ക്കൊപ്പം പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥൻ.

ഈജിപ്ത് പൗരനായ ഖാലിദിനെ 2019 ജൂലൈ 30നാണു യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കിയത്. രണ്ടു ദിവസത്തിനു ശേഷം ഓഗസ്റ്റ് 2നാണ് ഖാലിദ് കോൺസുലേറ്റ് വാഹനത്തിലെത്തി കവടിയാറിലെ ഒരു കേന്ദ്രത്തിൽ 3.5 കോടി രൂപ കൈപ്പറ്റിയതായി ആരോപണമുയർന്നിരിക്കുന്നത്.

നേരത്തേ ഇന്തൊനീഷ്യയിലെ യുഎഇ നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരനായിരുന്ന ഖാലിദ് തിരുവനന്തപുരത്ത് കോൺസുലേറ്റ് തുടങ്ങിയ ശേഷമാണ് അക്കൗണ്ടന്റായി എത്തുന്നത്. നയതന്ത്ര പദവിയില്ലാത്തതിനാൽ വീസ ഉൾപ്പെടെ രേഖകൾ ശരിയാക്കാൻ ഏറെ സമയമെടുത്തു.

എത്തിയശേഷം കോൺസുലേറ്റിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായി മാറി. 2019ലാണ് സ്വപ്നയും ഖാലിദും അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതികൾ യുഎഇ വിദേശകാര്യമന്ത്രാലയത്തിനു ലഭിക്കുന്നത്. വീസ അനുവദിക്കുന്നതിൽ ഉൾപ്പെടെ ഇരുവരും ക്രമക്കേടു നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ആദ്യം ഖാലിദിനെയാണു പറഞ്ഞുവിട്ടത്. ഏതാനും ദിവസങ്ങൾ കൂടി കേരളത്തിൽ തുടർന്ന ഖാലിദ് ഓഗസ്റ്റ് 5നാണു യുഎഇയിലേക്കു മടങ്ങിയത്.

ഓഗസ്റ്റ് 12നാണു സ്വപ്നയെ പുറത്താക്കിയത്. തീരുമാനം പിൻവലിപ്പിക്കാൻ സ്വപ്ന യുഎഇയിൽ പോയി സമ്മർദം ചെലുത്തിയെങ്കിലും നടന്നില്ല. സംസ്ഥാന സർക്കാരിലെ ഉന്നതർ വഴിയും തിരികെ ജോലിയിൽ കയറാൻ സ്വപ്ന ശ്രമിച്ചെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം.

ഇതും നടക്കാതായതോടെയാണു സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്തിയത്. ഇതിനു ശേഷവും യുഎഇ വിദേശകാര്യമന്ത്രാലയം അറിയാതെ സ്വപ്ന കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥയായിരിക്കെ തന്നെ യുഎഇ ദേശീയദിനാഘോഷത്തിന്റെ സംഘാടനച്ചുമതല ഉൾപ്പെടെ അവർ നിർവഹിച്ചതിന്റെ തെളിവുകളും എൻഐഎ ശേഖരിച്ചിട്ടുണ്ട.

അതേസമയം വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിനു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യോഗത്തിന്റെ മിനിറ്റ്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇഒ യു.വി. ജോസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മറുപടിയിലാണിതു പറയുന്നത്. യൂണിടാക്കിനു കരാർ നൽകിയതു റെഡ് ക്രസന്റ് ആണെന്ന വിശദീകരണവും നൽകിയിട്ടുണ്ട്.

മൂന്നു ചോദ്യങ്ങളാണ് ഇഡി സർക്കാരിനോടു പ്രധാനമായും ചോദിച്ചത്. ഈ മാസം 12നു നൽകിയ നോട്ടിസിലെ പ്രധാന ചോദ്യം ലൈഫ് മിഷനും റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യോഗത്തിന്റെ വിശദാംശങ്ങൾ എന്താണെന്നാണ്. മിനിറ്റ്സ്, ധാരണാപത്രത്തിന്റെ പകർപ്പ് എന്നിവ ആവശ്യപ്പെട്ടു. യോഗത്തിനു മിനിറ്റ്സ് ഇല്ല,

ഇത്തരമൊരു മിനിറ്റ്സ് ലൈഫ് മിഷന്റെ ഓഫിസിൽ ലഭ്യമല്ല എന്ന മറുപടിയാണു യു.വി.ജോസ് നൽകിയത്. ധാരണാപത്രത്തിന്റെ പകർപ്പു നൽകി.യൂണിടാക്കിനു ടെൻഡർ നൽകിയതിന്റെ വിശദാംശങ്ങളും നടപടിക്രമവും അറിയിക്കാനും ഇഡി ആവശ്യപ്പെട്ടു. യൂണിടാക്കിനു കരാർ നൽകിയതു റെഡ് ക്രസന്റ് ആണെന്ന മറുപടിയാണു ലൈഫ്മിഷൻ നൽകിയിരിക്കുന്നത്.

മറ്റു വിശദാംശങ്ങളൊന്നും ലൈഫ് മിഷന് അറിയില്ലെന്നും വ്യക്തമാക്കുന്നു. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത സുപ്രധാന യോഗത്തിന്റെ മിനിറ്റ്സ് ഇല്ലാതെ പോയതെങ്ങനെ എന്ന ചോദ്യമുയരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7