കൊച്ചി: എഴുപുന്ന സ്വദേശിനിയായ പത്തൊന്‍പതുകാരി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തിലെ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത് പതിവാക്കിയിരുന്നയാള്‍. എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിനെതിരെ നാട്ടുകാരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.
രണ്ടു വര്‍ഷം മുമ്പ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിനിയെയും ഇത്തരത്തില്‍ എറണാകുളത്ത് ഹോട്ടലില്‍ എത്തിച്ച് ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇടയ്ക്ക് വല്ലപ്പോഴും മല്‍സ്യ ബന്ധനത്തിന് പോകുമായിരുന്ന ഇയാള്‍ ലഹരി മരുന്ന് കാരിയറായും പ്രവര്‍ത്തിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ഇതുവഴി കിട്ടുന്ന പണം ഉപയോഗിച്ച് കൂടുതല്‍ ലഹരി ഉപയോഗിക്കുന്നതായിരുന്നു പതിവ്. വാട്‌സാപ്പിലും മറ്റും അപരിചിതരായ പെണ്‍കുട്ടികള്‍ക്ക് മെസേജും അശ്ലീല സന്ദേശങ്ങളും അയയ്ക്കുന്നതും പതിവായിരുന്നു.
ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു വിവാഹം ചെയ്ത പെണ്‍കുട്ടി ഇതു ചോദ്യം ചെയ്തതോടെയുണ്ടായ വഴക്കില്‍ നാലുമാസത്തിനകം ആ ബന്ധവും പിരിഞ്ഞു. പരിചയമുള്ള സമീപ വീടുകളിലെ യുവതികളായിരുന്നു മിക്കപ്പോഴും ഇയാളുടെ ഇര. അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തി പലപ്രാവശ്യം കൈകാര്യം ചെയ്തിട്ടുണ്ട്. പുതിയ പെണ്‍ സൗഹൃദങ്ങള്‍ക്കായി ഇയാള്‍ ഫെയ്‌സ്ബുക്കിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് എഴുപുന്ന സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച് സമീപിക്കുന്നതിനാല്‍ പലരും ഇയാളുടെ വലയില്‍ വീണിട്ടുണ്ട്. ഒടുവില്‍ ഇയാളുടെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയുന്നതോടെ പലരും ഒഴിഞ്ഞു പോയിട്ടുണ്ട്. നാട്ടില്‍ കാര്യമായ സൗഹൃദവലയം ഉണ്ടായിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു.
ഒരു മാസം മുമ്പ് മാത്രം ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട എഴുപുന്ന സ്വദേശിനിയാണ് ഇയാളുടെ അവസാനത്തെ ഇര. പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിളിച്ചിരുന്നത്. ഇയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ 12ന് രാവിലെ യുവതി ബാങ്ക് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ് വീടു വിട്ടിറങ്ങുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമായിരുന്നു പെണ്‍കുട്ടിയുടേത്. ജോലിക്ക് പോകേണ്ടെന്നും പ്ലസ്ടുവിന് തോറ്റ വിഷയം എഴുതി എടുക്കാനും വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ വഴക്കു പിടിച്ചാണ് പെണ്‍കുട്ടി അഭിമുഖത്തിന് എന്ന പേരില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
അഭിമുഖത്തിന് പോകേണ്ടെന്ന് പിതാവ് പറഞ്ഞിട്ടും കരഞ്ഞ് വഴക്കു പിടിച്ചതിനാലാണ് ജോലിക്കു പോകാന്‍ അനുവദിച്ചതെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എറണാകുളം സൗത്തില്‍ ഇത്തരക്കാര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്ന ഹോട്ടലുകളില്‍ ഒന്നിലാണ് യുവാവ് പെണ്‍കുട്ടിയുമായി എത്തിയത്. പെണ്‍കുട്ടിയുമായുള്ള ശാരീരിക ബന്ധത്തിനിടെ രക്തസ്രാവമുണ്ടായെങ്കിലും ഇയാള്‍ യുവതിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ആശുപത്രി ജീവനക്കാരുടെ കൂടി സഹായം തേടിയാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നു വ്യക്തമായതോടെ ഇയാള്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് എത്തി ഇയാളുടെ വിവരങ്ങള്‍ കണ്ടെത്തി പിടികൂടിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതും ബന്ധുക്കളെ പെണ്‍കുട്ടി മരിച്ച വിവരം അറിയിക്കുന്നതും. പെണ്‍കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണ കാരണം എന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.